റിയാദ്: കൈക്കൂലി വാങ്ങിയ കേസില്‍ പിടിയിലായ ഉദ്യോഗസ്ഥനെ സൗദിയില്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. ജിസാനില്‍ നഗരസഭയില്‍ നിന്നുള്ള ചില നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിനായി 500 റിയാല്‍ കൈക്കൂലി ആവശ്യപ്പെട്ട ഉദ്യോഗസ്ഥനാണ് ജോലി നഷ്ടമായത്. ഇതിനുപുറമെ കേസില്‍ ഇയാള്‍ക്ക് നേരത്തെ കോടതി ഒരു വര്‍ഷത്തെ തടവും പിഴയും വിധിച്ചിരുന്നു.

ചില ആവശ്യങ്ങള്‍ക്കായി നഗരസഭയില്‍ എത്തിയ സൗദി പൗരന് അവ പൂര്‍ത്തിയാക്കി നല്‍കാതെ പല കാരണങ്ങള്‍ പറഞ്ഞ് കാലതാമസം വരുത്തുകയായിരുന്നു. ഇക്കാര്യം അന്വേഷിച്ച് ചെന്നപ്പോഴാണ് ഉദ്യോഗസ്ഥന്‍ 500 റിയാല്‍ കൈക്കൂലി ആവശ്യപ്പെട്ടത്. പണം ചോദിച്ച വിവരം സൗദി പൗരന്‍ സുരക്ഷാ ഉദ്യോഗസ്ഥരെ അറിയിച്ചു. തുടര്‍ന്ന് ഇയാളെ കൈയോടെ പിടികൂടാന്‍ ഉദ്യോഗസ്ഥര്‍ കെണിയൊരുക്കുകയായിരുന്നു. ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം പണം നല്‍കാമെന്ന് അറിയിക്കുകയും പ്രതി പണം വാങ്ങുന്നതിനിടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. 

തുടര്‍ന്ന് വിചാരണ പൂര്‍ത്തിയാക്കി ഇയാള്‍ക്ക് കോടതി ഒരു വര്‍ഷം തടവും പിഴയും ശിക്ഷ വിധിച്ചു. കേസില്‍ ശിക്ഷിക്കപ്പെട്ടതോടെ ഇയാളെ നഗരസഭ ജോലിയില്‍ നിന്നും പിരിച്ചുവിടുകയായിരുന്നു. സൗദിയിലെ അഴിമിതി വിരുദ്ധ നിയമപ്രകാരം കൈക്കൂലി കേസില്‍ കുറ്റക്കാരാണെന്ന് തെളിഞ്ഞാല്‍ ജോലിയില്‍ നിന്ന് പിരിച്ചുവിടുകയും പിന്നീട് എല്ലാ സര്‍ക്കാര്‍ ജോലിയിലും പ്രവേശിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്യും.