Asianet News MalayalamAsianet News Malayalam

നിലം തുടയ്‍ക്കുന്ന മോപ്പുകളില്‍ ലഹരി ഗുളികകള്‍; വിഫലമാക്കിയത് വന്‍ മയക്കുമരുന്ന് കടത്ത് ശ്രമം

നിലം തുടയ്‍ക്കാന്‍ ഉപയോഗിക്കുന്ന മോപ്പുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി ഗുളികകളെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ വക്താവ് മേജര്‍ മുഹമ്മദ് അല് നുജൈദി പറഞ്ഞു. 

Saudi authorities foil attempt to smuggle huge quantity of narcotic pills
Author
Riyadh Saudi Arabia, First Published Aug 18, 2022, 1:32 PM IST


റിയാദ്: സൗദി അറേബ്യയിലേക്ക് ലഹരി വസ്‍തുക്കള്‍ കടത്താനുള്ള ശ്രമം അധികൃതരുടെ പരിശോധനയില്‍ വിഫലമായി. ജിദ്ദ ഇസ്ലാമിക് പോര്‍ട്ടില്‍ കൊണ്ടുവന്ന 22,50,000 ആംഫിറ്റമിന്‍ ഗുളികകള്‍ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ (GDNC) ഉദ്യോഗസ്ഥരാണ് കണ്ടെത്തിയത്.

നിലം തുടയ്‍ക്കാന്‍ ഉപയോഗിക്കുന്ന മോപ്പുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി ഗുളികകളെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ വക്താവ് മേജര്‍ മുഹമ്മദ് അല് നുജൈദി പറഞ്ഞു. സൗദി സക്കാത്ത്, ടാക്സ് ആന്റ് കസ്റ്റംസ് അതോറ്റിയുടെ സഹകരണത്തോടെയായിരുന്നു പരിശോധനകള്‍. തുറമുഖത്ത് എത്തിയ മോപ്പുകള്‍ ഏറ്റുവാങ്ങാനെത്തിയ ഒരു സിറിയന്‍ സ്വദേശിയെ അധികൃതര്‍ അറസ്റ്റ് ചെയ്‍തു. റിയാദിലാണ് ഇയാള്‍ താമസിച്ചിരുന്നത്. തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനായി ഇയാളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ടെന്നും സൗദി അറേബ്യയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സൗദി പ്രസ് ഏജന്‍സി (എസ്.പി.എ) അറിയിച്ചു.

Read also: തുടര്‍ച്ചയായ ആറാം ദിവസവും അപ്രതീക്ഷിത പരിശോധനകള്‍ തുടരുന്നു; അറസ്റ്റിലായത് നിരവധി പ്രവാസികള്‍

കഴിഞ്ഞ ദിവസം വിദേശത്തു നിന്ന് ലഹരി ഗുളികകള്‍ ഖത്തറിലേക്ക് കടത്താനുള്ള ശ്രമം കസ്റ്റംസ് അധികൃതര്‍ പരാജയപ്പെടുത്തിയിരുന്നു. ഖത്തറിലെ എയര്‍ കാര്‍ഗോ ആന്റ് പ്രൈവറ്റ് എയര്‍പോര്‍ട്ട്സ് കസ്റ്റംസിന് കീഴിലുള്ള പോസ്റ്റല്‍ കണ്‍സൈന്‍മെന്റ്‍സ് വിഭാഗമാണ് നടപടി സ്വീകരിച്ചത്. കുട്ടികളുടെ കളിപ്പാട്ടങ്ങള്‍ രാജ്യത്തേക്ക് കൊണ്ടുവന്ന ഒരു പാര്‍സലിലായിരുന്നു ലഹരി ഗുളികകള്‍ ഉണ്ടായിരുന്നത്.

വിശദമായ പരിശോധനയില്‍ രണ്ട് തരത്തിലുള്ള ലഹരി ഗുളികകള്‍ കളിപ്പാട്ടങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ചിട്ടുണ്ടെന്ന് കസ്റ്റംസ് കണ്ടെത്തുകയായിരുന്നു. ഒരു വിഭാഗത്തില്‍ പെടുന്ന 560 ലഹരി ഗുളികകളും മറ്റൊരു തരത്തിലുള്ള 289 ഗുളികകളുമാണ് കണ്ടെടുത്തത്. ഇവയുടെ ചിത്രങ്ങള്‍ കസ്റ്റംസ് അധികൃതര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിടുകയും ചെയ്‍തു.
 

تمكنت إدارة جمارك الشحن الجوي والمطارات الخاصة متمثلة في قسم الارساليات البريدية من إحباط تهريب كبسولات مخدرة مخبأة داخل شحنة لألعاب الأطفال ، وقد بلغ العدد الإجمالي 560 حبة ، بالإضافة إلى 289 كبسولة من نوع آخر #جمارك_قطر pic.twitter.com/T4OaaMRreY

— الهيئة العامة للجمارك (@Qatar_Customs) August 15, 2022

ഖത്തറിലേക്ക് കൊണ്ടുവരികയും ഖത്തറില്‍ നിന്ന് കയറ്റി അയക്കുകയും ചെയ്യുന്ന എല്ലാ സാധനങ്ങളും കര്‍ശന പരിശോധനയ്‍ക്ക് വിധേയമാക്കുന്നത് തുടരുകയാണെന്ന് ജനറല്‍ അതോറിറ്റി ഓഫ് കസ്റ്റംസ് അറിയിച്ചു. എല്ലാ തരത്തിലുമുള്ള കള്ളക്കടത്തുകള്‍ തടയാനായും അത്തരത്തിലുള്ള എന്തെങ്കിലും ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കില്‍ ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളുമായും ചേര്‍ന്ന് അത് പ്രതിരോധിക്കാനും ശ്രമങ്ങള്‍ നടത്തുകയാണെന്നും സോഷ്യല്‍ മീഡിയയിലൂടെ അധികൃതര്‍ അറിയിച്ചു.

Follow Us:
Download App:
  • android
  • ios