Asianet News MalayalamAsianet News Malayalam

കെട്ടിട നിര്‍മാണ സാമഗ്രികളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച വന്‍ മയക്കുമരുന്ന് ശേഖരം സൗദി കസ്റ്റംസ് പിടികൂടി

8,88,000 ക്യാപ്റ്റഗണ്‍ ഗുളികകള്‍ ജിദ്ദ ഇസ്ലാമിക് പോര്‍ട്ടില്‍ സൗദി സക്കാത്ത് ടാക്സ് ആന്റ് കസ്റ്റംസ് അതോരിറ്റി പിടിച്ചെടുത്തു.

Saudi Authorities foil drug smuggling attempt at Jeddah port
Author
Riyadh Saudi Arabia, First Published Dec 11, 2021, 3:54 PM IST

റിയാദ്: സൗദി അറേബ്യയിലേക്ക് (Saudi Arabia) കടത്താന്‍ ശ്രമിച്ച വന്‍ ലഹരി മരുന്ന് (Narcotic pills) ശേഖരം അധികൃതര്‍ പിടികൂടി. ജിദ്ദ ഇസ്ലാമിക് പോര്‍ട്ട് (Jeddah Islamic Port) വഴി കൊണ്ടുവന്ന 8,88,000 ക്യാപ്റ്റഗണ്‍ ഗുളികകളാണ് (Captagon pills) സൗദി സക്കാത്ത് ടാക്സ് ആന്റ് കസ്റ്റംസ് അതോരിറ്റി (Zakat, Tax and Customs Authority) പിടിച്ചെടുത്തത്.

കെട്ടിട നിര്‍മാണത്തിന് ഉപയോഗിക്കുന്ന പേസ്റ്റ് രൂപത്തിലുള്ള വസ്‍തു കൊണ്ടുവന്ന ബാരലുകളില്‍ ഒളിപ്പിച്ചാണ് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചത്. തുറമുഖത്ത് എത്തിയ സാധനങ്ങള്‍ വിവിധ തരത്തിലുള്ള സെക്യൂരിറ്റി പരിശോധനകള്‍ക്ക് വിധേയമാക്കിയപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയതെന്നും ഇവ രാജ്യത്തേക്ക് കടത്താനുള്ള ശ്രമം വിജയകരമായി തടയാന്‍ സാധിച്ചുവെന്നും അധികൃതര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

മയക്കുമരുന്ന് ഉള്‍പ്പെടെയുള്ള നിരോധിത വസ്‍തുക്കള്‍ കടത്തുന്നത് തടയാന്‍ രാജ്യത്തിന്റെ അതിര്‍ത്തി പോയിന്റുകളില്‍ അധികൃതര്‍ ഇപ്പോള്‍ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. അടുത്തിടെ ജിസാന്‍, നജ്റാന്‍, അസീര്‍ എന്നിവിടങ്ങളില്‍ നിന്ന് 352 കിലോഗ്രാം ഹാഷിഷും 54,368 കിലോഗ്രാം ഖാത്തും പിടിച്ചെടുത്തിരുന്നു. മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട കേസുകളില്‍ 63 പേരെ അറസ്റ്റ് ചെയ്‍തു. ഇവരില്‍ 30 പേര്‍ സൗദി സ്വദേശികളും 23 പേര്‍ യെമന്‍ സ്വദേശികളും 10 പേര്‍ എത്യോപ്യക്കാരുമാണെന്ന് അതിര്‍ത്തി സുരക്ഷാ വക്താവ് ലഫ്. കേണല്‍ മിസ്‍ഫര്‍ അല്‍ ഖുറൈനി പറഞ്ഞു. 

മയക്കുമരുന്ന് കടത്തുന്നവരെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറുന്നവര്‍ക്ക് സൗദി ഭരണകൂടം പാരിതോഷികങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള പ്രവൃത്തികള്‍ നടക്കുന്നതായി ശ്രദ്ധയില്‍പെട്ടാല്‍ 1910 എന്ന നമ്പറിലോ 00966114208417 എന്ന നമ്പറിലോ അറിയിക്കാം. ഇ-മെയില്‍ വിലാസം 1910@zatca.gov.sa

Follow Us:
Download App:
  • android
  • ios