വ്യത്യസ്ത വിമാനങ്ങളിൽ എത്തിയ രണ്ട് യാത്രക്കാരുടെ വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ആംഫെറ്റാമൈൻ അധിഷ്ഠിത നിരോധിത ഗുളികകൾ.

റിയാദ്: വസ്ത്രങ്ങളിൽ ഒളിപ്പിച്ച് വൻതോതിൽ മയക്കുമരുന്ന് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി. റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ 69,000 നിരോധിത കാപ്റ്റഗൺ ഗുളികകളാണ് കസ്റ്റംസ് പിടികൂടിയത്. രണ്ട് വ്യത്യസ്ത ശ്രമങ്ങളാണ് പരാജയപ്പെടുത്തിയതെന്ന് കസ്റ്റംസ് അതോറിറ്റി വ്യക്തമാക്കി.

വ്യത്യസ്ത വിമാനങ്ങളിൽ എത്തിയ രണ്ട് യാത്രക്കാരുടെ വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ആംഫെറ്റാമൈൻ അധിഷ്ഠിത നിരോധിത ഗുളികകൾ. ഒരാളുടെ കൈവശം 34,588 ഗുളികകളാണുണ്ടായിരുന്നത്. രണ്ടാമത്തെയാളുടെ കൈയ്യിൽ 34,457 ഗുളികകളും. രണ്ട് സംഭവത്തിലും വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച രീതിയിലായിരുന്നു. രാജ്യത്തെ തുറമുഖങ്ങളിലും വിമാനത്താവളങ്ങളിലും റോഡുകളിലെ ചെക്കുപോസ്റ്റുകളിലും കസ്റ്റംസ് നിയന്ത്രണം ശക്തിപ്പെടുത്തുന്നതിനുള്ള നിരന്തരമായ ശ്രമങ്ങൾക്കാണ് അതോറിറ്റി ഊന്നൽ നൽകിയിരിക്കുന്നത്.