Asianet News MalayalamAsianet News Malayalam

പ്രവാസികൾക്ക് സന്തോഷ വാർത്ത: സൗദി അറേബ്യയില്‍ ഇഖാമ ഫീസ് വർഷത്തിൽ നാല് തവണയായി അടയ്ക്കാം

നിലവിൽ ഇഖാമ ഫീസും ലെവിയും ആരോഗ്യ ഇൻഷുറൻസും അടക്കം 12000ത്തോളം റിയാലാണ് ഒരു വർഷത്തേക്ക് വേണ്ടിവരുന്നത്. അത് ഇനി നാല് ഗഡുക്കളായി അടയ്ക്കാൻ കഴിയുന്നത് പ്രവാസികൾക്കും അവരുടെ തൊഴിലുടമകൾക്കും ആശ്വാസമായി മാറും. 

Saudi Cabinet approves quarterly renewal of residency and work permits
Author
Riyadh Saudi Arabia, First Published Jan 27, 2021, 5:44 AM IST

റിയാദ്: സൗദി അറേബ്യയിൽ തൊഴിലെടുക്കുന്ന പ്രവാസികൾക്കും അവരുടെ തൊഴിൽദാതാക്കൾക്കും സന്തോഷം നൽകുന്ന തീരുമാനവുമായി സൗദി മന്ത്രിസഭായോഗം. രാജ്യത്തെ വിദേശ തൊഴിലാളികളുടെ റെസിഡന്റ് പെർമിറ്റ് (ഇഖാമ) ഇനി മൂന്നുമാസത്തേക്ക് മാത്രമായി എടുക്കുകയോ പുതുക്കുകയോ ചെയ്യാം. രാജ്യത്ത് ആദ്യമായി എത്തുന്ന തൊഴിലാളിക്ക് ആദ്യമായ ഇഖാമ എടുക്കുന്നതിനോ നിലവിലുള്ളയാൾക്ക് അത് പുതുക്കുന്നതിനോ ഒരു വർഷത്തേക്കുള്ള മുഴുവൻ ഫീസും അടക്കേണ്ടതുണ്ടായിരുന്നു. ആ നടപടിക്കാണ് ഇപ്പോൾ മാറ്റം വരുത്തിയത്. 

ഒരു വർഷം അടക്കേണ്ട തുക നാലു തവണയായി അടച്ച് അത്രയും കാലയളവുകളിലേക്ക് മാത്രമായി എടുക്കുകയോ പുതുക്കുകയോ ചെയ്യാം. നിലവിൽ ഇഖാമ ഫീസും ലെവിയും ആരോഗ്യ ഇൻഷുറൻസും അടക്കം 12000ത്തോളം റിയാലാണ് ഒരു വർഷത്തേക്ക് വേണ്ടിവരുന്നത്. അത് ഇനി നാല് ഗഡുക്കളായി അടയ്ക്കാൻ കഴിയുന്നത് പ്രവാസികൾക്കും അവരുടെ തൊഴിലുടമകൾക്കും ആശ്വാസമായി മാറും. 

ഇത് സംബന്ധിച്ച മാനവ ശേഷി മന്ത്രാലയത്തിന്റെ നിർദേശത്തിന് ചൊവ്വാഴ്ച രാത്രി സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന സൗദി മന്ത്രിസഭായോഗം അംഗീകാരം നൽകി. എന്നാല്‍ ഈ ആനുകൂല്യം ഹൗസ് ഡ്രൈവർ, ഹൗസ് മെയ്ഡ് തുടങ്ങിയ ഗാർഹി തൊഴിലാളികൾക്ക് ബാധകമല്ല. അവർക്ക് ലെവിയില്ല. അതൊകണ്ടുതന്നെ ഇഖാമ പുതുക്കുന്നതിന് ഒരു വർഷത്തേക്ക് 650 റിയാല്‍ മാത്രമേ ചെലവ് വരുന്നുള്ളൂ.

Follow Us:
Download App:
  • android
  • ios