സൗദിയില്‍ എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനുള്ള ഫീസ് കുറച്ചു.

റിയാദ്: ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് സന്തോഷ വാർത്ത. സൗദിയില്‍ ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകള്‍ക്കും സേവനങ്ങള്‍ക്കുമുള്ള ഫീസുകള്‍ കുറച്ചും സൗജന്യമാക്കിയും സൗദി സെന്‍ട്രല്‍ ബാങ്ക്. എ.ടി.എമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനുള്ള ഫീസ് കുറച്ചു. ഇതുവരെ 5,000 റിയാലോ അതില്‍ കുറവോ പണം പിന്‍വലിക്കുന്നതിന് 75 റിയാലാണ് ഫീസ് ആയി ഈടാക്കിയിരുന്നത്. പുതിയ പരിഷ്‌കരണം അനുസരിച്ച് 2,500 റിയാലില്‍ കുറവാണെങ്കില്‍ പിന്‍വലിക്കല്‍ തുകയുടെ മൂന്നു ശതമാനത്തില്‍ കവിയാത്ത തുകയാണ് ഫീസ് ഈടാക്കാന്‍ ബാങ്കുകള്‍ക്ക് അനുമതിയുള്ളത്.

തുക 2,500 റിയാലോ അതില്‍ കൂടുതലോ ആണ് പിന്‍വലിക്കുന്നതെങ്കില്‍ പരമാവധി 75 റിയാല്‍ ഫീസ് ആയി ഈടാക്കാം. ഇ-വാലറ്റ് റീചാര്‍ജ് ചെയ്യുന്നതിനുള്ള പണം പിന്‍വലിക്കല്‍ ഫീസ് മുമ്പ് പ്രത്യേകം നിര്‍ണയിച്ചിരുന്നില്ല. പുതിയ പരിഷ്‌കാരത്തോടെ ഇത് തീര്‍ത്തും സൗജന്യമാക്കി. അക്കൗണ്ട് സ്റ്റേറ്റ്മെന്റിനും ഇടപാടുകളിലെ തെറ്റുകളില്‍ വിയോജിപ്പ് അറിയിക്കാനും നേരത്തെ 50 റിയാല്‍ ഫീസ് ആയിരുന്നു ബാധകം. ഇത് 25 റിയാലായി കുറച്ചു. എ.ടി.എം വഴിയുള്ള ക്രെഡിറ്റ് കാര്‍ഡ് അന്വേഷണങ്ങള്‍ക്കുള്ള ഫീസ് മൂന്നര റിയാലില്‍ നിന്ന് ഒന്നര റിയാലാക്കി. വില്‍പന പോയിന്റുകളിലും ഇന്റര്‍നെറ്റ് വഴി രാജ്യത്തിനുള്ളിലും ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കല്‍ സൗജന്യമാക്കി. നേരത്തെ ഈ സേവനങ്ങള്‍ക്കുള്ള ഫീസ് പ്രത്യേകം നിര്‍ണയിച്ചിരുന്നില്ല.