റിയാദ്: പൊലീസ് ചമഞ്ഞ് പണം തട്ടിയ സൗദി പൗരനെ പൊലീസ് പിടികൂടി. വാഹനത്തില്‍ ആയുധങ്ങളുമായെത്തിയാണ് രണ്ട് വിദേശികളില്‍ നിന്ന് പണവും മൊബൈല്‍ ഫോണും തട്ടിയെടുത്തത്. പരാതി ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവില്‍ രഹസ്യ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

രണ്ട് വിദേശികളാണ് തട്ടിപ്പ് സംബന്ധിച്ച് പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരമറിയിച്ചത്. പിക്കപ്പ് വാഹനത്തിലെത്തിയ മൂന്നംഗ സംഘം പൊലീസ് ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ഇവരുടെ കൈവശമുണ്ടായിരുന്ന 3500 റിയാലും നാല് മൊബൈല്‍ ഫോണുകളും തട്ടിയെടുത്ത് മുങ്ങുകയുമായിരുന്നു. പരാതി ലഭിച്ചതിനെ തുടര്‍ന്ന് ഹുവയ്യ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. ഇതിനിടെ പ്രതികള്‍ തട്ടിപ്പിന് ഉപയോഗിച്ച പിക്കപ്പ് വാഹനം ഒരു വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരിക്കുന്നത് രഹസ്യ പൊലീസ് കണ്ടെത്തി. പരാതിക്കാരെ വിളിച്ചുവരുത്തിയപ്പോള്‍ അതുതന്നെയാണ് തട്ടിപ്പിന് ഉപയോഗിച്ച വാഹനമെന്ന് അവര്‍ തിരിച്ചറിയുകയും ചെയ്തു. ഇതിനിടെ വീട്ടില്‍ നിന്ന് പുറത്തുവന്ന സൗദി പൗരനെ പൊലീസ് പിടികൂടുകയായിരുന്നു. ഇയാളെയും പരാതിക്കാര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.