റിയാദ്: വിദേശികള്‍ക്ക് ബിസിനസ് നടത്താന്‍ ബിനാമിയായി നിന്ന സൗദി പൗരന് കോടതി ശിക്ഷ വിധിച്ചു. ഒരു കോണ്‍ട്രാക്ടിങ് സ്ഥാപനം നടത്താനാണ് സൗദി പൗരനായ ഫഹൈദ് ബിന്‍ ഇബ്രാഹീം എന്നയാള്‍ വിദേശികളെ നിയമവിരുദ്ധമായി സഹായിച്ചത്. ഹായില്‍ ക്രിമിനല്‍ കോടതി ഇയാള്‍ക്ക് പിഴ ചുമത്തുകയും സ്ഥാപനം അടച്ചുപൂട്ടാന്‍ ഉത്തരവിടുകയും ചെയ്തു. സ്ഥാപനത്തിന്റെ കൊമേഴ്സ്യല്‍ രജിസ്ട്രേഷനും ലൈസന്‍സും റദ്ദാക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഇതേ മേഖലയില്‍ പുതിയ സ്ഥാപനങ്ങള്‍ ആരംഭിക്കാന്‍ ഇയാള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഇയാളുടെ പേരുവിവരങ്ങളും നിയമലംഘനവും ശിക്ഷയും പ്രാദേശിക പത്രങ്ങളില്‍ പരസ്യപ്പെടുത്തുകയും ചെയ്യും. ബിനാമി ബിസിനസിനെതിരെ സൗദി വാണിജ്യ മന്ത്രാലയം ശക്തമായ നടപടിയാണ് സ്വീകരിച്ചുവരുന്നത്.