ദുബായ്: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ യുഎഇയിലുള്ള സൗദി പൗരന്മാര്‍ നാട്ടിലേക്ക് മടങ്ങാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ 72 മണിക്കൂറിനകം മടങ്ങണമെന്ന് നിര്‍ദേശം. യുഎഇയിലെ സൗദി എംബസിയാണ് ഇത് സംബന്ധിച്ച അറിയിപ്പ് നല്‍കിയത്. കരമാര്‍ഗമോ ദുബായ് വിമാനത്താവളം വഴിയോ നാട്ടിലെത്തണമെന്ന് എംബസി ആവശ്യപ്പെട്ടു.

ദുബായ് വിമാനത്താവളത്തില്‍ നിന്ന് സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ മടങ്ങണമെന്നാണ് എംബസി നിര്‍ദേശം നല്‍കിയിരിക്കുന്നത്. അല്‍ ബത്‍ഹ ക്രോസിങ് വഴി കരമാര്‍ഗവും യുഎഇയില്‍ നിന്ന് സൗദിയിലേക്ക് മടങ്ങാം. ഇക്കാര്യത്തില്‍ കൂടുതല്‍ സഹായം ആവശ്യമുള്ളവര്‍ അബുദാബിയിലെ സൗദി എംബസിയുമായോ ദുബായിലെ കോണ്‍സുലേറ്റുമായോ ബന്ധപ്പെടണമെന്നും അധികൃതര്‍ നിര്‍ദേശിക്കുന്നു. നേരത്തെ ഈജിപ്തിലുള്ള സൗദി പൗരന്മാരോട് രണ്ട് ദിവസത്തിനകം മടങ്ങാന്‍ നിര്‍ദേശിച്ചിരുന്നു.