റിയാദ്: ഫുട്ബോള്‍ മത്സരത്തില്‍ ടീം തോറ്റതിന്റെ ദേഷ്യത്തില്‍, വിദേശിയായ ഒന്‍പത് വയസുകാരന്റെ പല്ലുകള്‍ അടിച്ചുകൊഴിച്ച ബ്രസീല്‍ ആരാധകന് സൗദി കോടതി ശിക്ഷ വിധിച്ചു. സൗദി പൗരനായ യുവാവിന് ഒരുമാസം ജയില്‍ ശിക്ഷയും 50 ചാട്ടവാറടിയുമാണ് ശിക്ഷ. ചാട്ടവാറടി ഒറ്റത്തവണയായി നടപ്പാക്കണമെന്നും മര്‍ദനമേറ്റ ബാലന് പ്രതി 1.26 ലക്ഷം റിയാല്‍ (23 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) നഷ്ടപരിഹാരം നല്‍കണമെന്നും ദമ്മാം ക്രിമിനല്‍ കോടതി ഉത്തരവിട്ടു.

കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ലോകകപ്പ് ഫുട്ബോള്‍ മത്സരം നടക്കുന്നതിനിടെയായിരുന്നു കേസിന് ആസ്പദമായ സംഭവം. ബെല്‍ജിയവുമായുള്ള മത്സരത്തില്‍ ബ്രസീല്‍ ടീം തോറ്റ് പുറത്തായതിനെച്ചൊല്ലിയുള്ള തര്‍ക്കമായിരുന്നു അക്രമത്തില്‍ കലാശിച്ചത്. ദമ്മാമിലെ അല്‍ഫൈറയില്‍ കൂറ്റന്‍ സ്ക്രീനില്‍ വന്‍ജനാവലിക്കൊപ്പം മത്സരം കാണുകയായിരുന്നു ഇരുവരും. മത്സരം കഴിഞ്ഞ് ബാലന്‍ തൊട്ടടുത്തുള്ള മൈതാനത്തില്‍ കളിക്കുന്നതിനിടെ സൗദി യുവാവ് അവിടെയെത്തി മര്‍ദിക്കുകയായിരുന്നു. നേരത്തെ ബ്രസീല്‍ ടീം മത്സരത്തില്‍ തോറ്റതിനെച്ചൊല്ലി തര്‍ക്കമുണ്ടായിരുന്നു. തലയ്ക്ക് പിന്നിലുള്ള അടിയേറ്റ് ബാലന്റെ മുഖം ഇരുമ്പ് വേലിയില്‍ ചെന്നിടിക്കുകയായിരുന്നു. പല്ലുകള്‍ തകരുകയും മുഖവും ചുണ്ടും മുറിയുകയും ചെയ്തതോടെയാണ് പൊലീസില്‍ പരാതി നല്‍കിയത്.