റിയാദ്: വാഹനാപകട കേസിൽ ഒരു കോടി രൂപയുടെ നഷ്ടപരിഹാരം ചുമത്തപ്പെട്ട് നാട്ടിൽ പോകാനാവാതെ കഴിഞ്ഞ മലയാളി യുവാവിന് സൗദി കോടതിയുടെ കാരുണ്യം. മൂന്ന് വർഷത്തെ ജയിൽ വാസത്തിനും രണ്ടുവർഷത്തെ നിയമ പോരാട്ടത്തിനും ഒടുവിലാണ് മലപ്പുറം സ്വദേശി ശംസുദ്ദീന് കരുണ ലഭിച്ചത്. അഞ്ച് വർഷം മുമ്പുണ്ടായ വാഹനാപകട കേസിൽ 5,89,000 റിയാലിന്റെ (ഉദ്ദേശം ഒരു കോടി രൂപ) മോചനദ്രവ്യം വിധിക്കപ്പെട്ട് നാട്ടിൽ പോകാൻ കഴിയാതെ സൗദിയിൽ കഴിയുകയായിരുന്നു ശംസുദ്ദീൻ. 

സൗദിയിലെ ബുറൈദയിൽ 12 വർഷമായി ഒരു ഫർണീച്ചർ കമ്പനിയിൽ ഡ്രൈവറായിരുന്നു. അഞ്ച് വർഷം മുമ്പ് ബുറൈദയിൽ നിന്ന് ദവാദ്മിയിലേക്ക് ജോലിയുടെ ഭാഗമായി ടൊയോട്ട പിപ്പക്ക് ഓടിച്ചുപോകുമ്പോഴാണ് അപകടത്തിൽ പെട്ടത്. സൗദി പൗരൻ ഓടിച്ച കാറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. സൗദി പൗരൻ സംഭവസ്ഥലത്തുവെച്ച് മരിച്ചു. അദ്ദേഹത്തിന്റെ കൂടെ വാഹനത്തിലുണ്ടായിരുന്ന മക്കൾക്കും എതിർ വാഹനത്തിലുണ്ടായിരുന്ന ശംസുദ്ദീനും പരിക്കേറ്റു. 

ശഖ്റയിലെ ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയും ചികിത്സയുമായി കഴിഞ്ഞ് രണ്ടാഴ്ചക്ക് ശേഷം പുറത്തിറങ്ങിയപ്പോഴാണ് പിക്കപ്പിന് ഇൻഷുറൻസില്ലാഞ്ഞതിനാൽ ശംസുദ്ദീന് എതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് എന്നറിയുന്നത്. ഇൻഷുറൻസ് എടുക്കുന്ന കാര്യത്തിൽ തൊഴിലുടമയുടെ അലംഭാവമാണ് ശംസുദ്ദീനെ കുടുക്കിയത്. തുടർന്ന് പൊലീസ് ശംസുദ്ദീനെ അറസ്റ്റ് ചെയ്ത് ശഖ്റ ജയിലിൽ അടച്ചു. മരിച്ച സൗദി പൗരനും പരിക്കേറ്റ കുട്ടികൾക്കും അപകടത്തിൽ പെട്ട വാഹനത്തിനുമടക്കം 5,89,000 റിയാൽ നഷ്ടപരിഹാരം നൽകണമെന്ന് കോടതി വിധിച്ചു. 

ഇത്രയും വലിയ തുക ശംസുദ്ദീന് ചിന്തിക്കാൻ പോലും കഴിയാത്തതായിരുന്നു. റിയാദ് കെ.എം.സി.സിയുടെ വെൽഫയർ വിംഗ് ചെയർമാൻ സിദ്ദീഖ് തുവ്വൂർ സഹായിക്കാൻ മുന്നോട്ടുവന്നു. ഒരു സൗദി പൗരന്റെ ജാമ്യത്തിൽ ശംസുദ്ദീനെ ജയിലിൽ നിന്നിറക്കി. പിന്നീട് കേസുമായി രണ്ട് വർഷത്തോളം റിയാദിൽ കഴിയേണ്ടിവന്നു. കോടതിയിൽ നടന്ന വാദത്തിനിടയിൽ ശംസുദ്ദീന് നഷ്ടപരിഹാരം നൽകാൻ യാതൊരു വഴിയുമില്ലെന്ന് ജഡ്ജിയെ ബോധ്യപ്പെടുത്താനായത് വഴിത്തിരിവായി. 

കരുണ തോന്നിയ ജഡ്ജി ഇത്രയും ഭീമമായ തുകയുടെ മോചനദ്രവ്യം ഒഴിവാക്കി ഉത്തരവിടുകയും കേസിൽ തീർപ്പുകൽപിക്കുകയും ചെയ്തു. റിയാദിലെ നാടുകടത്തൽ കേന്ദ്രത്തിൽ നിന്ന് എക്സിറ്റ് കിട്ടിയ ശംസുദ്ദീൻ കെ.എം.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി സമ്മാനിച്ച വിമാന ടിക്കറ്റിൽ അടുത്ത ദിവസം നാട്ടിലേക്ക് മടങ്ങും. റഫീഖ് മഞ്ചേരി, നൗഫൽ തിരൂർ, താജുദ്ദീൻ, അബ്ദുറസാഖ് എന്നിവരും വിവിധ ഘട്ടങ്ങളിൽ സഹായവുമായി രംഗത്തുണ്ടായിരുന്നു.