ദില്ലി: പൗരത്വ നിയമഭേദഗതിക്കെതിരായ പ്രക്ഷോഭങ്ങള്‍ ശക്തമായ സാഹചര്യത്തില്‍ ഇന്ത്യ സന്ദര്‍ശിക്കുന്ന യുഎഇ പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദേശം. ദില്ലിയിലെ യുഎഇ എംബസിയാണ് ഞായറാഴ്ച രാത്രി തങ്ങളുടെ പൗരന്മാര്‍ക്ക് പ്രത്യേക നിര്‍ദേശം നല്‍കിയത്.

പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുന്ന സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യരുതെന്നും, അടിയന്തര സാഹചര്യങ്ങളുണ്ടായാല്‍ എംബസിയുമായി ബന്ധപ്പെടണമെന്നും ട്വിറ്ററില്‍ പ്രസിദ്ധീകരിച്ച അറിയിപ്പില്‍ പറയുന്നു. കഴിഞ്ഞ ദിവസം സൗദി അറേബ്യയും, ഇന്ത്യയിലുള്ള തങ്ങളുടെ പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. അമേരിക്ക, യു.കെ, കാനഡ എന്നീ രാജ്യങ്ങള്‍ നേരത്തെ തന്നെ ഇത്തരം നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു.