റിയാദ്: നില്‍ക്കാനും നടക്കാനും നിര്‍ബന്ധിച്ച് സൗദിയില്‍ പിഞ്ചുകുഞ്ഞിനെ ക്രൂരമായി മര്‍ദിച്ച പിതാവ് അറസ്റ്റില്‍. ദക്ഷിണ റിയാദിലെ ദാറുല്‍ബൈദാ ഡിസ്ട്രിക്റ്റില്‍ താമസിച്ചിരുന്ന ഫലസ്തീന്‍ വംശജനാണ് പിടിയിലായത്. ഇയാള്‍ പിഞ്ചുകു‌ഞ്ഞിനെ ക്രൂരമായി മര്‍ദിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

വീഡിയോ ക്ലിപ്പുകള്‍ ശ്രദ്ധയില്‍പെട്ടതോടെയാണ് അധികൃതര്‍ അന്വേഷണം തുടങ്ങിയത്. ഇയാളുടെ നാല് മക്കള്‍ക്കും സംരക്ഷണം ഏര്‍പ്പെടുത്തി. എന്നാല്‍ ദൃശ്യങ്ങള്‍ പഴയതാണെന്നാണ് പ്രതിയുടെ വാദം. നാല് മക്കളെയും തന്നെ ഏല്‍പ്പിച്ച്, എവിടേക്കെന്നുപോലും പറയാതെ ഭാര്യ പുറത്തുപോയ സമയത്താണ് സംഭവം നടന്നത്. കുട്ടിയെ നടക്കാന്‍ പരിശീലിപ്പിക്കുകയായിരുന്നുവെന്നും ശിക്ഷിച്ചതില്‍ തനിക്ക് കുറ്റബോധമുണ്ടെന്നും ഇയാള്‍ പറ‍ഞ്ഞു. 

എന്നാല്‍ പ്രതിക്ക് നിയമാനുസൃതമായ ശിക്ഷ ലഭിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. പ്രതിയുടെ വാദങ്ങള്‍ സ്വീകാര്യമാവില്ലെന്നും പിഞ്ചുകുഞ്ഞിനെ ഉപദ്രവിച്ചത് ശിക്ഷാര്‍ഹമായ കുറ്റമാണെന്നും സൗദിയിലെ നിയമവിദഗ്ധരും ചൂണ്ടിക്കാട്ടി. വീഡിയോ ദൃശ്യങ്ങള്‍ വാര്‍ത്താ ചാനലുകള്‍ പ്രദര്‍ശിപ്പിക്കുകയും പത്രങ്ങളില്‍ സംഭവം വാര്‍ത്തയാകുകയും ചെയ്തതോടെ സൗദിയില്‍ വലിയ ചര്‍ച്ചയായിരുന്നു.