Asianet News MalayalamAsianet News Malayalam

രാജ്യാന്തര സര്‍വീസ് ആരംഭിക്കാന്‍ സൗദി സിവില്‍ ഏവിയേഷന്‍ വിമാന കമ്പനികള്‍ക്ക് അനുമതി നല്‍കി

സൗദി പൗരന്മാര്‍ക്കും എക്‌സിറ്റ് എന്‍ട്രി വിസ, ഇഖാമ, സന്ദര്‍ശന വിസ എന്നിവയുള്ള വിദേശികള്‍ക്കും യാത്രാസൗകര്യമൊരുക്കാനാണ് വിമാന കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. യാത്രക്ക് മുമ്പ് 48 മണിക്കൂറിനുള്ളില്‍ പി.സി.ആര്‍ ടെസ്റ്റ് നടത്തി കൊവിഡ് നെഗറ്റീവാണെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് യാത്രക്കാര്‍ കൈയ്യില്‍ കരുതിയിരിക്കണം.

saudi gave permission for airlines to start international services
Author
Riyadh Saudi Arabia, First Published Sep 15, 2020, 10:02 PM IST

റിയാദ്: കൊവിഡിനെ തുടര്‍ന്നുള്ള രാജ്യാന്തര യാത്രാവിലക്ക് ചൊവ്വാഴ്ച മുതല്‍ ഭാഗികമായി നീക്കിയ പശ്ചാതലത്തില്‍ അന്താരാഷ്ട്ര സര്‍വീസ് ആരംഭിക്കാന്‍ വിമാന കമ്പനികള്‍ക്ക് സൗദി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ (ഗാക) അനുമതി നല്‍കി. രാജ്യത്ത് നിന്ന് വിദേശത്തേക്കും തിരികെയും യാത്രക്കാരെ കൊണ്ടുപോകുന്നതിനും വരുന്നതിനുമുള്ള അനുമതിയാണ് നല്‍കിയതെന്ന് ഗാക ബന്ധപ്പെട്ട വൃത്തങ്ങള്‍ക്ക് അയച്ച സര്‍ക്കുലറില്‍ വ്യക്തമാക്കി.

സൗദി പൗരന്മാര്‍ക്കും എക്‌സിറ്റ് എന്‍ട്രി വിസ, ഇഖാമ, സന്ദര്‍ശന വിസ എന്നിവയുള്ള വിദേശികള്‍ക്കും യാത്രാസൗകര്യമൊരുക്കാനാണ് വിമാന കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. യാത്രക്ക് മുമ്പ് 48 മണിക്കൂറിനുള്ളില്‍ പി.സി.ആര്‍ ടെസ്റ്റ് നടത്തി കൊവിഡ് നെഗറ്റീവാണെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് യാത്രക്കാര്‍ കൈയ്യില്‍ കരുതിയിരിക്കണം. വിദേശത്തുള്ള സര്‍ക്കാര്‍ അംഗീകൃത ലബോറട്ടറിയില്‍ നടത്തിയ ടെസ്റ്റ് ആയിരിക്കണം. സൗദി ആരോഗ്യമന്ത്രാലയം നിശ്ചയിച്ച കൊവിഡ് പ്രതിരോധ പ്രോേട്ടാക്കോളുകള്‍ പാലിച്ച് മാത്രമേ യാത്രക്കാര്‍ക്ക് സൗദിയിലേക്ക് പ്രവേശിക്കാനും തിരിച്ച് പുറത്തേക്ക് പോകാനും അനുമതിയുള്ളൂ. ഈ നിബന്ധനകള്‍ ഒരു കാരണവശാലും ലംഘിക്കാന്‍ അനുവദിക്കുന്നതല്ല എന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.

സെപ്റ്റംബര്‍ 15 ചൊവ്വാഴ്ച രാവിലെ ആറ് മുതല്‍ തീരുമാനം പ്രാബല്യത്തിലായതായും സര്‍ക്കുലറില്‍ പറയുന്നു. എന്നാല്‍ കോവിഡ് വ്യാപനം തടയാന്‍ സ്വന്തം നിലയില്‍ നടപടി സ്വീകരിച്ചതും സൗദി അറേബ്യയിലേക്ക് സ്വയം യാത്രാനിരോധനം ഏര്‍പ്പെടുത്തിയതുമായ രാജ്യങ്ങള്‍ക്ക് മേല്‍പറഞ്ഞ തീരുമാനം ബാധകമല്ല എന്ന് സര്‍ക്കുലറില്‍ പറയുന്നുണ്ട്. എന്നാല്‍ അത് ഏതൊക്കെ രാജ്യങ്ങളെന്ന് വ്യക്തമാക്കപ്പെട്ടിട്ടില്ല.
 

Follow Us:
Download App:
  • android
  • ios