ഈ വർഷത്തെ രണ്ടാം പാദത്തിൽ കണ്ടത്തിയ 87 നിയമലംഘനങ്ങൾക്കാണ് ഇത്രയും തുക പിഴ ചുമത്തിയത്. 

റിയാദ്: നിയമലംഘനം നടത്തിയ വിമാനക്കമ്പനികൾക്ക് സിവിൽ ഏവിയേഷൻ 28 ലക്ഷം റിയാൽ പിഴ ചുമത്തി. ഈ വർഷത്തെ രണ്ടാം പാദത്തിൽ കണ്ടത്തിയ 87 നിയമലംഘനങ്ങൾക്കാണ് ഇത്രയും തുക പിഴ ചുമത്തിയതെന്ന് ഈ വർഷം രണ്ടാം പാദത്തിൽ പുറത്തിറക്കിയ റിപ്പോർട്ട് വ്യക്തമാക്കി. ഇതിൽ സിവിൽ ഏവിയേഷൻ നിയമം, എക്സിക്യൂട്ടീവ് ചട്ടങ്ങൾ, നിർദേശങ്ങൾ എന്നിവയുടെ ലംഘനങ്ങൾ ഉൾപ്പെടും.

യാത്രക്കാരുടെ അവകാശസംരക്ഷണ നിയമങ്ങൾ പാലിക്കാത്തതിന് വിമാനക്കമ്പനികൾക്കെതിരെ 63 എണ്ണം ഉൾപ്പെടെ 87 നിയമലംഘനങ്ങൾ ചുമത്തിയതായി വിശദീകരിച്ചു. യാത്രക്കാരുടെ അവകാശം സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട ചട്ടങ്ങൾ ലംഘിച്ചതിന് 19 ലക്ഷം റിയാൽ പിഴ ചുമത്തി. യാത്രക്കാരുടെ കൈവശം ആവശ്യമായ രേഖകളുണ്ടോ എന്ന് പരിശോധിക്കാത്തതും അംഗീകൃത സമയക്രമങ്ങൾ പാലിക്കാത്തതുമായ 13 നിയമലംഘനങ്ങളും ഇതിൽ ഉൾപ്പെടുന്നു. ഇതിന് ചുമത്തിയ ആകെ പിഴ 70,000 റിയാലാണ്.

അതോറിറ്റിയുടെ നിർദേശങ്ങൾ പാലിക്കാത്തതിന് വിമാനക്കമ്പനികൾക്കുമെതിരെ എട്ട് നിയമലംഘനങ്ങൾ വേറെയുമുണ്ട്. ഇതിന് ചുമത്തിയ പിഴ 7,75,000 റിയാലാണ്. വിമാനത്തിനുള്ളിൽ നടത്തിയ നിയമലംഘനങ്ങൾക്ക് പുറമേ സിവിൽ ഏവിയേഷൻ ചട്ടങ്ങളിലെ വ്യവസ്ഥകൾ പാലിക്കാത്തതിന് യാത്രക്കാർക്കെതിരെ മൂന്ന് നിയമലംഘനങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിന് പിഴ 10,000 റിയാൽ ആണെന്നും റിപ്പോർട്ട് വ്യക്തമാക്കി.