ഇറാൻ വിദേശകാര്യ മന്ത്രിയും സൗദി വിദേശകാര്യ മന്ത്രിയും ചർച്ച നടത്തി. ഗണ്യമായ രീതിയിൽ വർധിച്ചുവരുന്ന സംഘർഷാവസ്ഥ ലഘൂകരിക്കുന്നതിനും സമാധാനാന്തരീക്ഷം ഉറപ്പാക്കുന്നതിനുമുള്ള പ്രായോഗിക നയതന്ത്ര നീക്കങ്ങൾക്കാണ് ചർച്ചയിൽ പ്രാധാന്യം നൽകിയത്.
റിയാദ്: പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതിയും സംഘർഷ സാഹചര്യങ്ങളും നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, മേഖലയിലെ സമാധാനവും സുരക്ഷയും മുൻനിർത്തി സൗദി അറേബ്യയും ഇറാനും തമ്മിലുള്ള നയതന്ത്ര ചർച്ചകൾ ഊർജിതമാക്കി. ഇതിന്‍റെ ഭാഗമായി സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ ബിൻ അബ്ദുല്ലയും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഖ്‌ജിയും തമ്മിൽ ടെലിഫോണിൽ ആശയവിനിമയം നടത്തി.
ബുധനാഴ്ച നടന്ന സംഭാഷണത്തിൽ മേഖലയിലെ നിലവിലെ രാഷ്ട്രീയ-സുരക്ഷാ സ്ഥിതിഗതികൾ ഇരുനേതാക്കളും വിശദമായി വിലയിരുത്തി. ഗണ്യമായ രീതിയിൽ വർധിച്ചുവരുന്ന സംഘർഷാവസ്ഥ ലഘൂകരിക്കുന്നതിനും സമാധാനാന്തരീക്ഷം ഉറപ്പാക്കുന്നതിനുമുള്ള പ്രായോഗിക നയതന്ത്ര നീക്കങ്ങൾക്കാണ് ചർച്ചയിൽ പ്രാധാന്യം നൽകിയത്. മേഖലയിൽ സുസ്ഥിരമായ സുരക്ഷാ സാഹചര്യം ഒരുക്കുന്നതിനായി ഇരുരാജ്യങ്ങളും തമ്മിലുള്ള ഏകോപനവും സഹകരണവും വരുംദിവസങ്ങളിൽ തുടരണമെന്ന കാര്യത്തിൽ മന്ത്രിമാർ ധാരണയിലെത്തി. മേഖലയിലെ സമാധാനത്തിന് വെല്ലുവിളിയാകുന്ന സങ്കീർണ്ണമായ വിഷയങ്ങളെ നയതന്ത്ര തലത്തിൽ സംയുക്തമായി നേരിടാനുള്ള സൗദി അറേബ്യയുടെയും ഇറാന്റെയും ക്രിയാത്മകമായ ശ്രമങ്ങളുടെ തുടർച്ചയായാണ് ഈ നീക്കത്തെ അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നത്.


