ദുബായ്: കൊവിഡ് ഭീഷണി നേരിടാൻ കർക്കശ നടപടികളുമായി ഗൾഫ് രാജ്യങ്ങൾ. സൗദി അറേബ്യയില്‍ തിങ്കളാഴ്ച മുതൽ രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചുകൊണ്ട് സല്‍മാന്‍ രാജാവ് ഉത്തരവിച്ചു. വൈകുന്നേരം ഏഴ് മുതൽ പുലർച്ചെ ആറ് വരെ ജനങ്ങൾ പുറത്തിറങ്ങുന്നതിന് കർശന നിയന്ത്രണമുണ്ടാകും. 21 ദിവസം കർഫ്യൂ തുടരും.

കര്‍ഫ്യൂ നടപ്പാക്കുന്നതിന് സിവില്‍, സൈനിക വിഭാഗങ്ങള്‍ ആഭ്യന്തര മന്ത്രാലയവുമായി സഹകരിക്കണമെന്ന് ഉത്തരവില്‍ പറയുന്നു. സുരക്ഷ, സൈനികം, മാധ്യമം, ആരോഗ്യം എന്നിങ്ങനെയുള്ള തന്ത്രപ്രധാന മേഖലകളെ കര്‍ഫ്യൂവില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അത്യാവശ്യങ്ങള്‍ക്കല്ലാതെ ജനങ്ങള്‍ പുറത്തിറങ്ങരുതെന്നാണ് അറിയിപ്പ്. പൊതുജനാരോഗ്യം സംരക്ഷിക്കേണ്ടത് സ്വദേശികളുടെയും പ്രവാസികളുടേയും ബാധ്യതയാണെന്നും മഹാമാരിയുടെ വ്യാപനത്തിന് ആരും കാരണക്കാരാവരുതെന്നും സല്‍മാന്‍ രജാവിന്റെ ഉത്തരവില്‍ പറയുന്നു.

യുഎഇ ഇന്നുമുതൽ എല്ലാ യാത്രാ വിമാനങ്ങൾക്കും വിലക്ക് ഏർപ്പെടുത്തി. ചരക്ക് വിമാനങ്ങളും ആളുകളെ അടിയന്തിരമായി ഒഴിപ്പിക്കുന്ന വിമാനങ്ങളും മാത്രമേ അനുവദിക്കൂ. യുഎഇയിലെ വിമാനത്താവളങ്ങളിൽ ഇറങ്ങിയുള്ള ട്രാൻസിറ്റ് യാത്രയും അനുവദിക്കില്ല. 

സൗദിയിൽ ഇതുവരെ 511 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെ മാത്രം 119 പേർക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ രോ​ഗം സ്ഥിരീകരിച്ചവരിൽ 72 പേർ മക്കയിലാണ്. റിയാദിൽ 34 പേർക്കും ഖത്തീഫിൽ 4 പേർക്കും രോഗം സ്ഥിരീകരിച്ചു. അൽ ഹസയിലും അൽ ഖോബാറിലും 3 വീതവും ദമ്മാമിലും ദഹ്‌റാനിലും ഖസീമിലും ഓരോത്തർക്കുമാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 511 ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതിൽ 17 കുട്ടികളും ഉൾപ്പെടും.

രോഗം ഭേദമായി ആശുപത്രി വിട്ടവരുടെ എണ്ണം 18 ആയെന്നും മന്ത്രാലയം അറിയിച്ചു. കൊറോണ വ്യാപനം തടയുന്നതിനായുള്ള ആരോഗ്യ മന്ത്രാലയത്തിന്റെ ജാഗ്രതാ നടപടികൾക്ക് പൂർണ പിന്തുണയുമായി സ്വകാര്യ മേഖലയും രംഗത്തുണ്ട്. ഇതിന്റെ ഭാഗമായി കൊവിഡ് കൂടുതലായി റിപ്പോർട്ട് ചെയ്ത കിഴക്കൻ പ്രവിശ്യയിലും റിയാദിലും സ്വകര്യ ഹോട്ടലുകൾ ക്വാറന്റൈൻ കേന്ദ്രങ്ങളാക്കി മാറ്റാൻ ആരോഗ്യ മന്ത്രാലയത്തിന് വിട്ടുനൽകി. റിയാദിൽ മാത്രം 13 മുന്തിയ ഹോട്ടലുകളാണ് ക്വാറന്റൈൻ കേന്ദ്രങ്ങളാക്കി മാറ്റിയത്. ഇത്തരത്തിൽ മക്കയിലെ ആഡംബര ഹോട്ടലും ആരോഗ്യ മന്ത്രാലയത്തിന് സൗജന്യമായി നൽകിയിട്ടുണ്ട്.

അതേസമയം കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിപണിയിലെ കരിച്ചന്ത തടയാനായി മാസ്‌കുകളും അണുനശീകരണ ലായനികളും വിൽക്കുന്ന കടകളിലും മൊത്ത വിതര കേന്ദ്രത്തിലും ബന്ധപ്പെട്ട വകുപ്പുകൾ പരിശോധന ശക്തമാക്കി. മാസ്‌കുകളുടെയും സാനിറ്റൈസറുകളുടെയും ഗുണമേന്മയും അധികൃതർ ഉറപ്പുവരുത്തുന്നുണ്ട്. ഹാനികരമായ സാനിറ്റൈസർ വിപണിയിലെത്തിയതിനെതിരെ സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക