Asianet News MalayalamAsianet News Malayalam

Saudi KMCC : 'ഹൈദരലി ശിഹാബ് തങ്ങള്‍ മതേതരത്വത്തിന്റെ കാവലാള്‍, സമാധാന ദൂതന്‍' - സൗദി കെഎംസിസി

അസുഖബാധിതനായിട്ടു കൂടി വഖഫ് സ്വത്തുക്കളുടെ സംരക്ഷണ പോരാട്ടത്തില്‍ തങ്ങള്‍ നേരിട്ട് നേതൃത്വം നല്‍കി. ആരുടേയും അവകാശങ്ങള്‍ കവര്‍ന്നെടുക്കാതെ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്കായി പോരാടി. രാജ്യത്ത് സംഘര്‍ഷമോ സംഘട്ടനമോ നടന്നപ്പോഴെല്ലാം ധൈഷണികമായ നിലപാടുകളിലൂടെ തങ്ങള്‍ സമാധാന ദൂതനായി നിലകൊണ്ടു. ഐക്യജനാധിപത്യ മുന്നണിയുടെ കരുത്തും കാവലുമായിരുന്നു തങ്ങളെന്ന് കെഎംസിസി സൗദി നാഷനല്‍ കമ്മിറ്റി. 

Saudi KMCC about Panakkad Hyderali Shihab Thangal
Author
Riyadh Saudi Arabia, First Published Mar 6, 2022, 10:16 PM IST

റിയാദ്: മതേതരത്വത്തിന്റെ കാവലാളായിരുന്നു മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങളെന്ന് (Panakkad Hyderali Shihab Thangal) കെഎംസിസി സൗദി (KMCC Saudi) നാഷനല്‍ കമ്മിറ്റി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ശുഭ്രമായ വീഥിയിലൂടെ സഞ്ചരിച്ച് പൂര്‍വികരായ നേതാക്കളുടെ പാതയില്‍ തങ്ങള്‍ പാര്‍ട്ടിയെ നയിച്ചു. പ്രതിസന്ധികളില്‍ സമുദായത്തിന്റെ അവസാന വാക്കായി. പ്രലോഭനങ്ങളിലോ പ്രകോപനങ്ങളിലോ അകപ്പെടാതെ ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശ  സംരക്ഷണത്തിന് വേണ്ടി അവസാന സമയം വരെയും പടപൊരുതി.

അസുഖബാധിതനായിട്ടു കൂടി വഖഫ് സ്വത്തുക്കളുടെ സംരക്ഷണ പോരാട്ടത്തില്‍ തങ്ങള്‍ നേരിട്ട് നേതൃത്വം നല്‍കി. ആരുടേയും അവകാശങ്ങള്‍ കവര്‍ന്നെടുക്കാതെ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്കായി പോരാടി. രാജ്യത്ത് സംഘര്‍ഷമോ സംഘട്ടനമോ നടന്നപ്പോഴെല്ലാം ധൈഷണികമായ നിലപാടുകളിലൂടെ തങ്ങള്‍ സമാധാന ദൂതനായി നിലകൊണ്ടു. ഐക്യജനാധിപത്യ മുന്നണിയുടെ കരുത്തും കാവലുമായിരുന്നു തങ്ങള്‍. നിലപാടുകളിലെ കാര്‍ക്കശ്യവും അത് നടപ്പാക്കുന്നതിലെ ആര്‍ജവവും തങ്ങളുടെ മുഖമുദ്രയായിരുന്നു. ലോകത്താകമാനമുള്ള വിപുലമായ സൗഹൃദവും ബന്ധങ്ങളും തങ്ങളുടെ വ്യക്തിത്വത്തിന് അന്താരാഷ്ട്ര മുഖം നല്‍കിയിരുന്നു. അതുകൊണ്ട് തന്നെ തങ്ങളുടെ വിയോഗം കേരളത്തിലെ പൊതുസമൂഹത്തോടൊപ്പം അന്തര്‍ദേശീയ തലത്തിലുള്ള കനത്ത നഷ്ടം കൂടിയായി. സൗദിയിലെ കെ.എം.സി.സി പ്രവര്‍ത്തകര്‍ക്ക് അവിസ്മരണീയമായ ഒട്ടേറെ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചാണ് തങ്ങളുടെ മടക്കം. കെ.എം.സി.സിയുടെ ഓരോ ചലനങ്ങളിലും തങ്ങളുടെ കൈയ്യൊപ്പുണ്ടായിരുന്നു. നന്മ നിറഞ്ഞ ഓരോ പ്രവര്‍ത്തനങ്ങളിലും ആ ഉപദേശമുണ്ടായിരുന്നു. എല്ലാവരെയും പോലെ ആ കരുത്തിലായിരുന്നു സൗദി കെ.എം.സി.സിയുടെയും പ്രവര്‍ത്തനം. സൗദി കെ.എം.സി.സിയുടെ സുരക്ഷാ പദ്ധതി ആരംഭിക്കാന്‍ 2014ല്‍ അനുമതി നല്‍കിയ അദ്ദേഹം പ്രവാസലോകത്ത് നിന്ന് വിടവാങ്ങിയ നൂറുകണക്കിന് പ്രവാസികളുടെ കുടുംബങ്ങള്‍ക്ക് അത്താണിയായി മാറിയ ഈ പദ്ധതി നടത്തുന്ന കെ.എം.സി.സി കേരള ട്രസ്റ്റിന്റെ ചെയര്‍മാന്‍ പദവി വിടവാങ്ങുന്നത് വരെ അലങ്കരിച്ചിരുന്നു. ശനിയാഴ്ച്ച കൊല്ലത്ത് നടന്ന ചടങ്ങൊഴിച്ചാല്‍ എട്ട് വര്‍ഷമായി നടന്നുവരുന്ന സുരക്ഷാപദ്ധതിയുടെ വിതരണം തങ്ങളുടെ കരങ്ങള്‍ കൊണ്ടായിരുന്നു നിര്‍വഹിച്ചത്. ചികിത്സയിലായതിനാല്‍ കുടുംബങ്ങള്‍ക്ക് കൊടുക്കേണ്ട ചെക്കുകള്‍ മുഴുവനും രോഗാവസ്ഥയിലും ഒപ്പിട്ടു വിതരണത്തിന് കഴിഞ്ഞ ദിവസം അനുമതി നല്‍കുകയായിരുന്നു.

പാര്‍ട്ടിയുടെ അമരക്കാരനായി ഒരു വ്യാഴവട്ടക്കാലം പൂര്‍ത്തിയാക്കുന്നതിനിടെ സ്‌നേഹവും സദുപദേശങ്ങളും നിര്‍ദേശങ്ങളും നല്‍കി തങ്ങള്‍ കെ.എം.സി.സി പ്രവര്‍ത്തകര്‍ക്കൊപ്പം നിന്നു. സമന്വയവും സമഭാവനയും സഹിഷ്ണുതയും സാഹോദര്യവും വിട്ടുവീഴ്ചയും ഐക്യവും സര്‍വോപരി മതബോധവും ലക്ഷ്യബോധവുമുളളവരാകണം നാമെല്ലാവരുമെന്ന് അദ്ദേഹം എല്ലായിപ്പോഴും ഉണര്‍ത്തി. കോവിഡ് കാല പ്രവര്‍ത്തനങ്ങളില്‍ കെ.എം.സി.സി പ്രവര്‍ത്തകര്‍ക്ക് ഊര്‍ജം പകര്‍ന്നു കൊണ്ടായിരുന്നു തങ്ങളുടെ ഇടപെടല്‍. തങ്ങളുടെ വേര്‍പാടില്‍ സൗദി കെ.എം.സി.സി അഗാധമായ  രേഖപെടുത്തുന്നു. കെ.എം.സി.സിയുടെ മുഴുവന്‍ സെന്‍ട്രല്‍ കമ്മിറ്റികളും മറ്റു കീഴ്ഘടകങ്ങളും മയ്യിത്ത് നിസ്‌കാരവും പ്രത്യേക പ്രാര്‍ഥനാ സദസും സംഘടിപ്പിക്കും. അനുശോചന പരിപാടികള്‍ ഒഴികെ കെ.എം.സി.സിയുടെ  മറ്റെല്ലാ പരിപാടികളും ഒരാഴ്ചത്തേക്ക് മാറ്റിവെച്ചതായി നാഷനല്‍ കമ്മിറ്റി ഭാരവാഹികളായ കെ.പി. മുഹമ്മദ്കുട്ടി, അഷ്റഫ് വേങ്ങാട്ട്, ഖാദര്‍ ചെങ്കള, കുഞ്ഞിമോന്‍ കാക്കിയ, എ.പി. ഇബ്രാഹിം മുഹമ്മദ്, അഷ്റഫ് തങ്ങള്‍ ചെട്ടിപ്പടി, അഹമ്മദ് പാളയാട്ട് എന്നിവര്‍ അറിയിച്ചു.

Follow Us:
Download App:
  • android
  • ios