ഗൾഫ് രാജ്യങ്ങളിലെ റേഡിയേഷന്‍ തോതില്‍ വര്‍ധനവുണ്ടായിട്ടില്ല. സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയാണെന്ന് അധികൃതര്‍.
റിയാദ്: ഇറാനിലെ അമേരിക്കന്‍ ആക്രമണത്തിന് പിന്നാലെ റേഡിയോ ആക്ടീവ് ഇഫക്ടുകള്‍ കണ്ടെത്തിയിട്ടില്ലെന്ന് വ്യക്തമാക്കി സൗദി അറേബ്യ, കുവൈത്ത്, ഖത്തര്‍ എന്നീ രാജ്യങ്ങള്‍. ഇറാനിലെ ആണവ കേന്ദ്രങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ സൗദി അറേബ്യയിലോ മറ്റ് അറബ് ഗൾഫ് രാജ്യങ്ങളിലോ റേഡിയോ ആക്ടീവ് ഇഫക്ടുകൾ കണ്ടെത്തിയിട്ടില്ലെന്ന് സൗദി അറേബ്യയിലെ ന്യൂക്ലിയര്‍ റെഗുലേറ്റര്‍ എക്സ് പ്ലാറ്റ്ഫോമില്‍ അറിയിച്ചു.
ഗള്‍ഫിലെ റേഡിയേഷന്‍ തോത് നിരീക്ഷിച്ച് വരികയാണെന്ന് ഖത്തര്‍ അറിയിച്ചു. സ്ഥിതിഗതികള്‍ ദിവസേന നിരീക്ഷിക്കുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് മാജിദ് അല്‍ അന്‍സാരി പറഞ്ഞു. കുവൈത്ത് വ്യോമാതിർത്തിയിലോ ജലാതിർത്തിയിലോ റേഡിയേഷൻ അളവിൽ വർധനവ് കണ്ടെത്തിയിട്ടില്ലെന്നും സ്ഥിതി സാധാരണമാണെന്നും നാഷണൽ ഗാർഡ് അറിയിച്ചു. റേഡിയേഷൻ അളവിൽ ശൈഖ് സലേം അൽ-അലി കെമിക്കൽ ഡിഫൻസ് ആൻഡ് റേഡിയേഷൻ മോണിറ്ററിംഗ് സെന്‍റർ വർധനവ് കണ്ടെത്തിയിട്ടില്ലെന്ന് നാഷണല്‍ ഗാര്‍ഡിന്‍റെ മോറൽ ഗൈഡൻസ് ഡയറക്ടറേറ്റ് പുറത്തിറക്കിയ പ്രസ്താവനയിലാണ് അറിയിച്ചത്. ശൈഖ് സലേം അൽ-അലി അൽ-സബാ കെമിക്കൽ ഡിഫൻസ് ആൻഡ് റേഡിയേഷൻ മോണിറ്ററിംഗ് സെന്‍റർ രാജ്യത്തുടനീളമുള്ള നിരീക്ഷണ ശൃംഖലകളിലൂടെ 24 മണിക്കൂറും റേഡിയേഷൻ അളവ് കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. റേഡിയേഷന്‍ തോതില്‍ വര്‍ധനവില്ലെന്ന് ഗൾഫ് കോപ്പറേഷന്‍ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറിയേറ്റും അറിയിച്ചു.
അമേരിക്കൻ ആക്രമണത്തിന് പിന്നാലെ ഇറാനിയൻ ആണവോർജ്ജ കേന്ദ്രങ്ങളിൽ നിന്ന് റേഡിയേഷൻ ചോർച്ചയുണ്ടാകുമോയെന്ന ആശങ്ക ശക്തമായിരുന്നു. ഇത് വരെ ആണവ വികരണ തോതിൽ കാര്യമായ മാറ്റങ്ങളുണ്ടായിട്ടില്ലെന്നാണ് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി (ഐ എ ഇ എ) യുടെ അറിയിപ്പ്. സ്ഥിതിഗതികൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും ഐ എ ഇ എ വ്യക്തമാക്കി. ഫോർദോയ്ക്ക് സമീപ പ്രദേശങ്ങളിൽ നിന്നടക്കം നിലവിൽ ആശങ്കപ്പെടുത്തുന്ന തോതിൽ വികരണമുണ്ടായിട്ടില്ല. അമേരിക്കയുടെ ആക്രമണം ഉണ്ടായ ഇറാന്റെ മൂന്ന് കേന്ദ്രങ്ങളിലും ആണവോർജ പദ്ധതികൾ ഉടനൊന്നും തുടരാൻ കഴിയാത്ത വിധം കനത്ത നാശമുണ്ടായി എന്നാണ് വിലയിരുത്തൽ.
