Asianet News MalayalamAsianet News Malayalam

ഹൂതി വിമതരുടെ കേന്ദ്രങ്ങള്‍ക്കുനേരെ സൗദി സഖ്യസേനയുടെ ആക്രമണം; തിരിച്ചടിക്കുമെന്ന് ഇറാന്‍

തെക്ക് പടിഞ്ഞാറന്‍ ചെങ്കടലിലെ ബാബ് അല്‍ മന്ദബ് കടലിടുക്കിലൂടെ നടക്കുന്ന എണ്ണനീക്കത്തിനും വാണിജ്യത്തിനും തടസം സൃഷ്ടിക്കുന്ന നാല് ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി സൗദി പ്രതിരോധ വക്താവ് കേണല്‍ തുര്‍ക്കി അല്‍ മല്‍ക്കി അവകാശപ്പെട്ടു. 

Saudi led forces launch airstrikes on Yemeni city of Hodeida
Author
Saudi Arabia, First Published Sep 21, 2019, 12:29 AM IST

റിയാദ്: ഹൂതി വിമതരുടെ കേന്ദ്രങ്ങള്‍ക്കുനേരെ സൗദി സഖ്യസേനയുടെ ആക്രമണം. ഹൊദൈദ തുറമുഖത്തിനു നേരേ നടത്തിയ ആക്രമണത്തില്‍ റിമോട്ട് കണ്‍ട്രോള്‍ ബോട്ടുകളും കടലില്‍ ഉപയോഗിക്കുന്ന മൈനുകളും നിര്‍മിക്കുന്ന നാല് കേന്ദ്രങ്ങള്‍ തകര്‍ത്തതായി സഖ്യസേന അറിയിച്ചു. തിരിച്ചടിക്കുമെന്ന് ഇറാന്‍ വിദേശമന്ത്രി മുഹമ്മദ് ജവാദ് സരിഫ് വ്യക്തമാക്കി.

തെക്ക് പടിഞ്ഞാറന്‍ ചെങ്കടലിലെ ബാബ് അല്‍ മന്ദബ് കടലിടുക്കിലൂടെ നടക്കുന്ന എണ്ണനീക്കത്തിനും വാണിജ്യത്തിനും തടസം സൃഷ്ടിക്കുന്ന നാല് ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി സൗദി പ്രതിരോധ വക്താവ് കേണല്‍ തുര്‍ക്കി അല്‍ മല്‍ക്കി അവകാശപ്പെട്ടു. ഹൊദൈദ തുറമുഖം ഭീകരത വളര്‍ത്താനുള്ള പ്രധാനകേന്ദ്രമായി ഹൂതി വിമതര്‍ ഉപയോഗിക്കുകയാണെന്നും ബാലസ്റ്റിക് മിസൈലുകളും ഡ്രോണുകളും വിക്ഷേപിക്കാനുള്ള ഇടമാക്കി മാറ്റിയെന്നും കേണല്‍ കുറ്റപ്പെടുത്തി. 

പ്രശ്‌നബാധിത പ്രദേശങ്ങളില്‍ നിന്ന് മാറിനില്‍ക്കാന്‍ ജനങ്ങളോട് സഖ്യസേന ആവശ്യപ്പെട്ടു. സൗദിയുടെ എണ്ണപ്പാടങ്ങള്‍ ഇറാന്‍ ആക്രമിച്ചു തകര്‍ത്തതിനു പിന്നാലെയാണ് ഗള്‍ഫ് മേഖലയില്‍ ഒമാന്‍ ഉള്‍ക്കടലും ഹോര്‍മുസ് കടലിടുക്കും കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന പുതിയ നാവികയുദ്ധ സഖ്യം നിലവില്‍ വന്നത്. ആഗോള വ്യാപകമായ ഇന്ധനനീക്കത്തിന് സുരക്ഷയൊരുക്കാനാണ് പുതിയ സൈനികസഖ്യമെന്ന് യുഎഇ സാര്‍വദേശീയ സുരക്ഷാവകുപ്പ് മേധാവി സലേം മുഹമ്മദ് അല്‍ സാബി പറഞ്ഞു. 

ആഗോള വ്യാപകമായ ഇന്ധനനീക്കത്തിന് സുരക്ഷയൊരുക്കാനാണ് പുതിയ സൈനികസഖ്യം രൂപീകരിച്ചതെന്നും ഈ ലക്ഷ്യത്തിനു വേണ്ടിയാണ് ഹൊദൈദ ആക്രമിച്ചതെന്നും തുര്‍ക്കി അല്‍ മല്‍ക്കി വ്യക്തമാക്കി. ഗള്‍ഫ് മേഖലയില്‍ ഏറ്റവുമധികം എണ്ണനീക്കം നടക്കുന്ന ഹോര്‍മുസ് , ബാബ് അല്‍ മന്ദബ് കടലിടുക്കുകളില്‍ നിന്നാണ് ഇറാന്‍ ഏറ്റവുമധികം എണ്ണകപ്പലുകള്‍ തട്ടിയെടുത്തത്. 

ഈ മേഖലയില്‍ എണ്ണക്കപ്പലുകള്‍ റാഞ്ചുന്നതു തടയാന്‍ റഷ്യയും ഇന്ത്യയുമടക്കം 23 രാജ്യങ്ങളുടെ യുദ്ധകപ്പലുകള്‍ രംഗത്തുണ്ട്. സൈനിക നീക്കമുണ്ടായാല്‍ എല്ലാ ശക്തിയുമുപയോഗിച്ച് തിരിച്ചടിക്കുമെന്ന് ഇറാന്‍ വിദേശമന്ത്രി മുഹമ്മദ് ജവാദ് സരിഫ് വ്യക്തമാക്കി. പുതിയ സംഭവങ്ങള്‍ ഗള്‍ഫ് മേഖലയുടെ അനിശ്ചിതാവസ്ഥ വര്‍ധിപ്പിച്ചിരിക്കുകയാണ്.

Follow Us:
Download App:
  • android
  • ios