റിയാദ്: ഇന്ത്യയടക്കം വിവിധ രാജ്യങ്ങൾക്ക് സൗദി അറേബ്യ പ്രഖ്യാപിച്ച യാത്രാനിരോധനം ഞായറാഴ്ച മുതൽ പ്രാബല്യത്തിലാകും. കോവിഡ്  പ്രതിരോധ നടപടികളുടെ ഭാഗമായാണ് സൗദി ആഭ്യന്തര മന്ത്രാലയം അനിശ്ചിതകാലത്തേക്ക് നിരോധനം ഏർപ്പെടുത്തിയത്. സൗദിയിലേക്ക് തിരിച്ചുവരാൻ  റീഎൻട്രി വിസയിലുള്ള പ്രവാസികള്‍ക്ക് അനുവദിച്ച 72 മണിക്കൂർ സമയം ഇന്ന് ശനിയാഴ്ച അർദ്ധരാത്രിയോടെ അവസാനിക്കും. ഈ സാഹചര്യത്തിൽ പ്രവാസി മലയാളികൾക്ക് സൗദിയിലേക്ക് മടങ്ങിവരാൻ വിമാന കമ്പനികൾ പ്രത്യേക സര്‍വ്വീസുകൾ ഏർപ്പെടുത്തിയിരിക്കുകയാണ്. 
 
കോഴിക്കോട് നിന്ന് ജിദ്ദയിലേക്ക് ശനിയാഴ്ച വിമാന കമ്പനികള്‍ പ്രത്യേക സര്‍വ്വീസുകള്‍ നടത്തും. ഞായറാഴ്ച കോഴിക്കോട് നിന്ന് ജിദ്ദയിലേക്ക് എയർ ഇന്ത്യയിൽ ടിക്കറ്റെടുത്തവർ ഇന്ന് യാത്ര ചെയ്യാനെത്തണം. കോഴിക്കോട് - ജിദ്ദ റൂട്ടിൽ എയര്‍ ഇന്ത്യ 420 പേരെ ഉൾക്കൊള്ളുന്ന ജംബോ വിമാനമാണ് ഇന്ന് സർവീസ് നടത്തുക. ഞായറാഴ്ചക്ക് കൂടി വേണ്ടിയാണ് ഇന്ന് സര്‍വ്വീസ് നടത്തുന്നത്. അതുകൊണ്ട് തന്നെ ഞായറാഴ്ചയിലേക്ക് ടിക്കെറ്റെടുത്തവര്‍ ഇന്ന് യാത്രക്കായി എയര്‍പോര്‍ട്ടിലെത്തണമെന്ന് എയര്‍ ഇന്ത്യ അധികൃതർ അറിയിച്ചു. 

ഇന്‍ഡിഗോ എയര്‍ലൈന്‍സ് ഇന്ന് രാവിലെ 11.15ന് കോഴിക്കോട് നിന്ന് ജിദ്ദയിലേക്ക് പ്രത്യേക സര്‍വ്വീസ് നടത്തും. ഇന്ന് പുലർച്ചെ നാല് മണിക്ക് സ്‌പൈസ് ജെറ്റിന്റെ പ്രത്യേക വിമാനം കോഴിക്കോട് നിന്ന് ജിദ്ദയിലേക്ക് പറക്കും. സൗദി എയര്‍ലൈന്‍സ് പതിവ് സർവീസിന് പുറമെ രണ്ട് പ്രത്യേക സര്‍വ്വീസുകള്‍ക്കായി ശ്രമം ആരംഭിച്ചിട്ടുണ്ട്.