പൊതുമുതല്‍ നശിപ്പിക്കുക, കുറ്റകൃത്യത്തിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുക എന്നിവയാണ് യുവാവിനെതിരെ ചുമത്തിയ കുറ്റങ്ങള്‍. 

റിയാദ്: സൗദി അറേബ്യയില്‍ റോഡിലെ വേഗത നിരീക്ഷിക്കാന്‍ സ്ഥാപിച്ച സ്പീഡ് റഡാര്‍ തകര്‍ത്ത് വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച സ്വദേശി യുവാവ് അറസ്റ്റില്‍. അല്‍ ഖസീം പ്രവിശ്യയിലെ സ്പീഡ് റഡാറാണ് യുവാവ് തകര്‍ത്തത്.

സ്പീഡ് റഡാര്‍ തകര്‍ക്കുന്നതിന്റെ വീഡിയോ ഇയാള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചതായി അല്‍ ഖസീം പൊലീസ് വക്താവ് ലെഫ്. ബാദര്‍ അല്‍ സുഹൈബാനി അറിയിച്ചു. പ്രതി പൊലീസ് കസ്റ്റഡിയിലാണ്. നിയമനടപടികള്‍ പൂര്‍ത്തിയാക്കി ഇയാളെ തുടരന്വേഷണത്തിനായി പബ്ലിക് പ്രോസിക്യൂഷന് കൈമാറും. പൊതുമുതല്‍ നശിപ്പിക്കുക, കുറ്റകൃത്യത്തിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുക എന്നിവയാണ് യുവാവിനെതിരെ ചുമത്തിയ കുറ്റങ്ങള്‍.