റിയാദ്: സൗദിയില്‍ നടപ്പാക്കിവരുന്ന സ്വദേശിവത്കരണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുമെന്ന് സൂചന നല്‍കി തൊഴില്‍ സാമൂഹിക വികസന മന്ത്രി അഹ്‍മദ് അല്‍ റാജ്‍ഹിയുടെ പ്രഖ്യാപനം. രാജ്യത്തെ ഉന്നത തസ്തികകളിലും സ്‍പെഷ്യലിസ്റ്റ് തസ്തികകളിലും സ്വദേശികളെ നിയമിക്കുമെന്നാണ് മന്ത്രി അറിയിച്ചത്. ഇതിലൂടെ ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ള സൗദി യുവതീയുവാക്കള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കാന്‍ തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

സ്വദേശിവത്കരണത്തെ പ്രതികൂലമായി ബാധിക്കുന്ന ഒരുതരത്തിലുമുള്ള നിയമലംഘനങ്ങള്‍ അംഗീകരിക്കില്ലെന്ന് അഹ്‍മദ് അല്‍ റാജ്‍ഹി വ്യക്തമാക്കി. ഉന്നതവിദ്യാഭ്യാസവും കഴിവും ശേഷിയുമുള്ളവരാണ് സൗദിയിലെ യുവതീ യുവാക്കള്‍. അവര്‍ക്ക് അനുയോജ്യമായ കൂടുതല്‍ തൊഴിലുകള്‍ ലഭ്യമാക്കാനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്. ഇതിനായി ഉന്നത തസ്തികകളും സ്‍പെഷ്യലിസ്റ്റ് തസ്തികകളും സ്വദേശികള്‍ക്ക് പ്രാപ്യമാക്കാനാണ് ശ്രമം. ഇതിനായുള്ള പദ്ധതിയുടെ വിശദാംശങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു.