പൊതുസ്ഥലങ്ങളിൽ കുട്ടികളെ ഭിക്ഷാടനത്തിന് ഉപയോഗിച്ച സൗദി പൗരൻ അറസ്റ്റിൽ. പിടിയിലായ വ്യക്തിക്കെതിരെ പ്രാഥമിക നിയമനടപടികൾ പൂർത്തിയാക്കി കേസ് മേൽനടപടികൾക്കായി പബ്ലിക് പ്രൊസിക്യൂഷന് കൈമാറി.
റിയാദ്: വഴിയോരങ്ങളിലും പൊതുസ്ഥലങ്ങളിലും കുട്ടികളെ നിർത്തി ഭിക്ഷാടനം നടത്തിച്ച സൗദി പൗരനെ കിഴക്കൻ പ്രവിശ്യയിലെ സുരക്ഷാ സേന അറസ്റ്റ് ചെയ്തു. രണ്ട് കുട്ടികളെ ഭിക്ഷാടനത്തിന് ഉപയോഗിച്ച് ലാഭമുണ്ടാക്കാൻ ശ്രമിച്ചതിനാണ് ഇയാൾക്കെതിരെ മനുഷ്യക്കടത്ത് തടയൽ നിയമപ്രകാരം കേസെടുത്തത്.
പിടിയിലായ വ്യക്തിക്കെതിരെ പ്രാഥമിക നിയമനടപടികൾ പൂർത്തിയാക്കി കേസ് മേൽനടപടികൾക്കായി പബ്ലിക് പ്രൊസിക്യൂഷന് കൈമാറി. അതിക്രമത്തിന് ഇരയായ കുട്ടികൾക്ക് ആവശ്യമായ മാനുഷിക സഹായങ്ങളും സുരക്ഷിതത്വവും ഉറപ്പാക്കാൻ ബന്ധപ്പെട്ട മറ്റ് സർക്കാർ വകുപ്പുകളുമായി ചേർന്ന് ആവശ്യമായ ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്. കമ്യൂണിറ്റി സെക്യൂരിറ്റി ആൻഡ് ആന്റി ഹ്യൂമൻ ട്രഫിക്കിംഗ് വിഭാഗവുമായി സഹകരിച്ചാണ് പോലീസിന്റെ ഈ നടപടി. മേഖലയിൽ ഭിക്ഷാടനം തടയുന്നതിനും ഇത്തരം നിയമലംഘകരെ പിടികൂടുന്നതിനുമായി സുരക്ഷാ സേന തുടർച്ചയായി നടത്തിവരുന്ന പരിശോധനകളുടെ ഭാഗമായാണ് അറസ്റ്റ്.


