റിയാദ്: കുട്ടിയുടെ വായിലേക്ക് തോക്കുചൂണ്ടുന്ന വീഡിയോ ദൃശ്യങ്ങള്‍ വൈറലായതോടെ സ്വദേശി യുവാവിനെ സൗദി അധികൃതര്‍ അറസ്റ്റ് ചെയ്തു. കൈക്കുഞ്ഞിനെയുമെടുത്ത് ഒരു കൈകൊണ്ട് ആകാശത്തേക്ക് വെടിവെയ്ക്കുകയും പിന്നീട് തോക്ക് കുഞ്ഞിന്റെ വായിലേക്ക് ചൂണ്ടുകയും ചെയ്യുന്നതാണ് ദൃശ്യങ്ങളിലുണ്ടായിരുന്നത്. സോഷ്യല്‍ മീഡിയയില്‍ കടുത്ത പ്രതിഷേധം ഉയരുകയും യുവാവിനെതിരെ നടപടി ആവശ്യപ്പെട്ട് നിരവധി അപേക്ഷകള്‍ പൊലീസിന് ലഭിക്കുകയും ചെയ്ത സാഹചര്യത്തിലാണ് അറസ്റ്റ്.

രണ്ട് യുവാക്കളാണ് വീഡിയോ ദൃശ്യങ്ങളിലുള്ളത്. വെടിയൊച്ച കേട്ട് കുഞ്ഞ് വാവിട്ട് കരയുന്നതും ഇതിന് ശേഷം തോക്ക് കുഞ്ഞിന്റെ വായിലേക്ക് ചൂണ്ടുന്നതും കാണാം. വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ ഇയാളെ കണ്ടെത്തി അറസ്റ്റ് ചെയ്യാന്‍ സൗദി അറ്റോര്‍ണി ജനറല്‍ ശൈഖ് സൗദ് ബിന്‍ അബ്‍ദുല്ല അല്‍ മുഅ്ജബ് ഉത്തരവിട്ടു. അന്വേഷണം നടത്താന്‍ സൗദി തൊഴില്‍-സാമൂഹിക മന്ത്രാലയവും നിര്‍ദേശം നല്‍കി. വീഡിയോയില്‍ യുവാക്കളുടെ മുഖം വ്യക്തമല്ല. ഇവരെ കണ്ടെത്താന്‍ പൊലീസ് പൊതുജനങ്ങളുടെ സഹായം തേടിയിരുന്നു.  കുഞ്ഞിന്റെ സഹോദരനാണ് വെടിയുതിര്‍ത്തതെന്ന് പൊലീസ് പിന്നീട് കണ്ടെത്തി. ഇയാളെ കണ്ടെത്തി അറസ്റ്റ് ചെയ്തതായും നിയമനടപടികള്‍ സ്വീകരിച്ചുവരുന്നതായും പൊലീസ് അറിയിച്ചു.