അബുദാബി: ഫുജൈറ തീരത്തു എണ്ണക്കപ്പലുകൾക്കു നേരെയുണ്ടായ ആക്രമണങ്ങളിൽ യു എ ഇയും സൗദിയും യുഎൻ രക്ഷാസമിതിക്കു പരാതി നൽകി. ആഗോള എണ്ണമേഖലയ്ക്കു ഭീഷണിയാണ് ഇത്തരം ആക്രമണങ്ങളെന്നു പരാതിയിൽ പറയുന്നു. യു എ ഇ തീരത്തുവെച്ചു കഴിഞ്ഞ ഞായറാഴ്ചയാണ് നാലു എണ്ണ ടാങ്കറുകൾക്കു നേരെ ഭീകരാക്രമണം ഉണ്ടായത്.

ഇതിൽ രണ്ടെണ്ണം സൗദിയുടെയും രണ്ടു എണ്ണ ടാങ്കറുകൾ യു യിയുടെയുമായിരുന്നു. അക്രമണത്തിനെതിരെ ഇരു രാജ്യങ്ങളും യു എൻ രക്ഷാ സമിതിക്കും ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിനും പരാതി നൽകി. അന്താരാഷ്ട്ര വാണിജ്യ, സമുദ്ര ഗതാഗത സുരക്ഷക്കും കപ്പലുകളിലെ ജീവനക്കാരുടെ ജീവനും ഭീഷണി സൃഷ്ടിച്ച ആക്രമണങ്ങൾ പരിസ്ഥിതി ദുരന്ത സാധ്യത വർദ്ധിപ്പിച്ചതായി ഇരു രാജ്യങ്ങളും പരാതിയിൽ പറഞ്ഞു.

യു എ യി ജലാതിർത്തിയിലൂടെ അറേബ്യൻ ഉൾക്കടൽ താണ്ടുകയായിരുന്ന കപ്പലുകൾക്ക് നേരെയായിരുന്നു ഭീകരരുടെ ആക്രമണം. ആക്രമണത്തിൽ ആളപായം സംഭവിക്കുകയോ എണ്ണ ചോർച്ചയോ ഉണ്ടായില്ല. എന്നാൽ ആക്രമണത്തിൽ കപ്പലുകൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചിരുന്നു.