റിയാദ്: സ്റ്റാമ്പ്, നാണയം, കറൻസി, പുരാവസ്തു എന്നിവയുടെ പ്രദർശനം റിയാദിൽ ആരംഭിച്ചു. വിവര സാങ്കേതിക മന്ത്രാലയം, തപാൽ മന്ത്രാലയം എന്നിവയുടെ കീഴിലുള്ള സൗദി ഫിലാറ്റലിക് ആൻഡ് നൂമിസ്മാറ്റിക് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രദർശന മേള വ്യാഴാഴ്ച വരെയാണ്. 

റിയാദ് അൽറവാബിയിലെ തർബിയ നമൂതജ് സ്‌കൂൾ അങ്കണത്തിൽ സൗദി വിദ്യാഭ്യാസ അസിസ്റ്റൻറ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അബ്ദുൽ അസീസ് സബ്യാനി പ്രദർശനം ഉദ്ഘാടനം ചെയ്തു. അൽറവാബി കോംപ്ലക്സ് സൂപർവൈസർ മൻസൂർ ബിൻ മൂസ, ഇബ്രാഹിം ബിൻ മുഹമ്മദ്, റിയാദ് ഫിലാറ്റലിക് ആൻഡ് നൂമിസ്മാറ്റിക് സൊസൈറ്റി ഡയറക്ടർ മുബാറക് അൽഖഹ്താനി, സാദ് ബിൻ മുഹമ്മദ് അൽഇദ്‍രീസ്, കോഓഡിനേറ്റർ അസീസ് കടലുണ്ടി എന്നിവർ സംസാരിച്ചു. ഉദ്ഘാടനത്തിന് ശേഷം അബ്ദുൽ അസീസ് സബ്യാനിയുടെ നേതൃത്വത്തിൽ സ്റ്റാളുകൾ സന്ദർശിച്ചു. ഫിലാറ്റലിക് സൊസൈറ്റി ഡയറക്ടർ മുബാറക് അൽഖഹ്താനി, ഫിലാറ്റലിസ്റ്റ് അസീസ് കടലുണ്ടി എന്നിവർ പ്രദർശനത്തെ കുറിച്ച് അദ്ദേഹത്തിന് വിശദീകരിച്ചുകൊടുത്തു. 

സൗദിയുടെ പൗരാണിക ചരിത്രങ്ങൾ വിളിച്ചോതുന്ന സ്റ്റാമ്പ്, നാണയം, കറൻസി, മറ്റ് പൗരാണിക വസ്തുക്കൾ എന്നിവ കാണാനും വാങ്ങാനുമുള്ള സൗകര്യം എല്ലാ സ്റ്റാളുകളിലും ഒരുക്കിയിട്ടുണ്ട്. സൗദി അറേബ്യയുടെ ഒന്ന്, അഞ്ച്, 10, 50, 100, 500 റിയാലുകളുടെ സ്വർണം പൂശിയ നോട്ടുകളും ഇന്ത്യയുടെ 10, 100, 1000 രൂപയുടെ നാണയങ്ങളും സ്വന്തം ഫോട്ടോ ഉൾപ്പെടുത്താൻ കഴിയുന്ന ഇന്ത്യയുടെ ‘മൈ സ്റ്റാമ്പ്’, ഗാന്ധിജിയുടെ ചിത്രം ആലേഖനം ചെയ്ത് 50ൽ കൂടുതൽ രാജ്യങ്ങൾ പുറത്തിറക്കിയ വ്യത്യസ്ത സ്റ്റാമ്പുകൾ, പൗരാണിക കാലത്ത് അറബ് നാടുകളിൽ ഉപയോഗത്തിലുണ്ടായിരുന്ന ഇന്ത്യൻ കറൻസികൾ എന്നിവ പ്രദർശിപ്പിക്കപ്പെട്ടിട്ടുണ്ട്. 

ഞായറാഴ്ചയാണ് പ്രദർശനം തുടങ്ങിയത്. വ്യാഴാഴ്ച അവസാനിക്കും. എല്ലാ ദിവസവും രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് 12 വരെയും വൈകീട്ട് നാല് മുതൽ രാത്രി ഒമ്പത് വരെയുമാണ് സന്ദർശന സമയം. സ്‌കൂൾ, കോളജ് വിദ്യാർഥികളും പൊതുജനങ്ങളും ഉൾപ്പെടെ സന്ദർശകർ വൻതോതിൽ എത്തുന്നുണ്ട്.