ഓൺലൈൻ വഴി പുതിയ ജോലിയിൽ പ്രവേശിക്കാം മാറ്റം സെപ്റ്റംബർ മുതലെന്ന് സാമൂഹ്യക്ഷേമ മന്ത്രാലയം 

ദമാം: സൗദിയിൽ തൊഴിൽ മാറുന്നതിനുള്ള നിരോധനം സാമൂഹ്യക്ഷേമ മന്ത്രാലയം പിൻവലിച്ചു. വരുന്ന സെപ്റ്റംബർ 11 മുതല്‍ എൻജിനീയർമാർ ഉൾപ്പെടെയുള്ള വിദേശികള്‍ക്ക് നിലവിലെ പ്രൊഫഷൻ മാറി പുതിയ ജോലിയില്‍ ഏര്‍പ്പെടാം. വിദേശികള്‍ തൊഴില്‍ മാറുന്നതിന് കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലാണ് നിരോധനം ഏർപ്പെടുത്തിയത്. തൊഴിൽ മാറ്റം ഓണ്‍ലൈന്‍ മുഖേന സാധ്യമാകുമെന്നും മന്ത്രാലയം വ്യക്തമാക്കി.

എന്നാൽ ഏത് തൊഴിലേക്കാണോ മാറുന്നത്, ആ തൊഴിലിനു അനുസൃതമായ യോഗ്യത സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടി വരും. അതേസമയം സൗദി എന്‍ജീനീയറിംഗ് കൗണ്‍സിലിന്റെ നിയമങ്ങള്‍ക്ക് വിധേയമായിട്ടായിരിക്കും എൻജിനീയർമാരുടെ തൊഴിൽ മാറ്റം സാധ്യമാകുക. തൊഴില്‍ വിപണി ഉയര്‍ന്ന നിലവാരത്തിലേക്കു എത്തിക്കുകയാണ് പുതിയ നിയമത്തിലൂടെ മന്ത്രാലയം ലക്ഷ്യമാക്കുന്നത്.

പന്ത്രണ്ടിൽ പരം വാണിജ്യമേഖലകളിൽ 70 ശതമാനം സ്വദേശിവത്കരണം വരുന്ന സെപ്റ്റംബർ മുതല്‍ നടപ്പാക്കിനിരിക്കെയാണ് വിദേശികള്‍ക്ക് ആശ്വാസമാവുന്ന നിലയില്‍ പ്രഫഷന്‍ മാറ്റം അനുവദിച്ച് കൊണ്ട് മന്ത്രാലയം ഉത്തരവിറക്കിയിരിക്കുന്നത്. ഈ സ്ഥാപനങ്ങളിലെ നിലവിലുളള സെയിൽസ്മാന്‍, അക്കൗണ്ടിംഗ് തുടങ്ങിയ വിഭാഗങ്ങളില്‍ ജോലി ചെയ്യുന്ന വിദേശികൾക്ക് സെപ്റ്റംബർ മുതൽ ഈ മേഖലയിൽ തുടരാന്‍ അനുവാദമുണ്ടാകില്ല.

എന്നാല്‍ പുതിയ നിയമം അനുസരിച്ചു ഇവർക്ക് ലേബര്‍മാരായോ ടെക്നിഷന്‍മാരായോ തൊഴിൽ മാറ്റം നടത്തി ഇതേ സ്ഥാപനത്തിൽ തന്നെ തുടരാൻ അവസരം ലഭിക്കും. പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോടെ തൊഴിൽ നഷ്ടപ്പെടാൻ സാധ്യതയുള്ള നിരവധി വിദേശികൾക്ക് ആശ്വാസമാകും.