ഏഷ്യൻ ഗ്രൂപ്പിനെ പ്രതിനിധീകരിച്ചാണ് ഡോ. അബ്ദുൽ അസീസ് അൽവാസിൽ തെരഞ്ഞെടുക്കപ്പെട്ടത്
റിയാദ്: യുഎൻ ജനറൽ അസംബ്ലി വൈസ് പ്രസിഡൻറുമാരിൽ ഒരാളായി യുഎൻ സൗദി സ്ഥിരം പ്രതിനിധി അംബാസഡർ ഡോ. അബ്ദുൽ അസീസ് അൽവാസിൽ തെരഞ്ഞെടുക്കപ്പെട്ടു. ഏഷ്യൻ ഗ്രൂപ്പിനെ പ്രതിനിധീകരിച്ചാണിത്. അന്താരാഷ്ട്ര സമൂഹത്തിൽ സൗദിക്കുള്ള ഉന്നത സ്ഥാനത്തിന്റെയും അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷയ്ക്കും പിന്തുണ നൽകുന്നതിലും ബഹുമുഖ സഹകരണം വർധിപ്പിക്കുന്നതിലും സൗദി നയതന്ത്രം വഹിക്കുന്ന ഫലപ്രദമായ പങ്കിലുള്ള അംഗരാജ്യങ്ങളുടെ വിശ്വാസത്തിന്റെയും അടിസ്ഥാനത്തിലാണ് ഈ തെരഞ്ഞെടുപ്പ്.
നയതന്ത്ര വിദഗ്ധനാണ് അംബാസഡർ അൽവാസിൽ. നിരവധി പ്രാദേശിക, അന്തർദേശീയ വേദികളിൽ രാജ്യത്തെ പ്രതിനിധീകരിച്ച മികച്ച പ്രഫഷനൽ റെക്കോർഡ് അദ്ദേഹത്തിനുണ്ട്. അന്താരാഷ്ട്ര സംഘടനകളിൽ രാജ്യത്തിന്റെ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിന് അദ്ദേഹം തന്റെ നിലപാടുകളിലൂടെ സംഭാവന നൽകിയിട്ടുണ്ട്.


