കോന്നിയിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാറിന്റെ ബോണറ്റിന് മുകളിൽ കൂറ്റൻ പെരുമ്പാമ്പിനെ കണ്ടെത്തി. വിവരമറിഞ്ഞെത്തിയ വനംവകുപ്പ് റാപ്പിഡ് റെസ്പോൺസ് ടീം പാമ്പിനെ പിടികൂടി.
കോന്നി: പുലർച്ചെ വീട്ടുമുറ്റത്തേക്ക് ഇറങ്ങിയ ഗൃഹനാഥൻ കണ്ടത് കാറിന്റെ ബോണറ്റിന് മുകളിൽ കൂറ്റൻ പെരുമ്പാമ്പ് ഇരിക്കുന്നത്. കോന്നി മുതുപേഴുങ്കൽ കല്ലുംപുറത്ത് ശമുവേലുകുട്ടിയുടെ വീട്ടിലാണ് ഈ ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാറിന്റെ ബോണറ്റിന് മുകളിലായിരുന്നു പെരുമ്പാമ്പ് ചുരുണ്ടുകൂടി കിടന്നിരുന്നത്. പുലർച്ചെ പുറത്തിറങ്ങിയ ഗൃഹനാഥൻ ബോണറ്റിന് മുകളിൽ പാമ്പ് ഇരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ഉടൻ തന്നെ വനംവകുപ്പിന്റെ റാപ്പിഡ് റെസ്പോൺസ് ടീമിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ കോന്നി ആർആർടി സംഘം ഏറെ പ്രയത്നപ്പെട്ട് പാമ്പിനെ സുരക്ഷിതമായി പിടികൂടി.

കോന്നിയിലും പരിസര പ്രദേശങ്ങളിലും പെരുമ്പാമ്പിന്റെ ശല്യം രൂക്ഷമാകുകയാണെന്ന് നാട്ടുകാര്‍ പറയുന്നു. രണ്ട് ദിവസം മുൻപും സമാനമായ രീതിയിൽ ഈ പ്രദേശത്ത് നിന്നും പെരുമ്പാമ്പിനെ പിടികൂടിയിരുന്നു. ശമുവേലുകുട്ടിയുടെ വീടിന് സമീപത്തുള്ള സാബു തോട്ടാലിന്റെ വീട്ടിൽ നിന്നായിരുന്നു രണ്ടു ദിവസം മുൻപ് പെരുമ്പാമ്പിനെ പിടികൂടിയത്. വനമേഖലയോട് ചേർന്നുകിടക്കുന്ന പ്രദേശങ്ങളിൽ നിന്നും ജനവാസ മേഖലയിലേക്ക് പാമ്പുകൾ ഇറങ്ങുന്നത് നാട്ടുകാരെ വലിയ രീതിയിൽ ആശങ്കയിലാക്കുന്നുണ്ട്. ആർആർടി സംഘം പിടികൂടിയ പാമ്പിനെ പിന്നീട് സുരക്ഷിതമായ വനമേഖലയിലേക്ക് മാറ്റി.


