മുറിയിലേക്ക് മാതാവിനെ വിളിച്ച് വരുത്തിയ ശേഷം രണ്ടാം പ്രതി മാതാവിനെ പിന്നില്‍ നിന്ന് പിടിച്ചുവെക്കുകയും ശബ്ദം പുറത്തുകേള്‍ക്കാതിരിക്കാന്‍ വായ പൊത്തിപ്പിടിക്കുകയുമായിരുന്നു. ഈ സമയം ഒന്നാം പ്രതി മാതാവിനെ നിരവധി തവണ കുത്തി.

റിയാദ്: സ്വന്തം മാതാവിനെ വീടിനുള്ളില്‍ വെച്ച് കുത്തിക്കൊലപ്പെടുത്തിയ ഇരട്ട സഹോദരങ്ങളായ ഐഎസ് ഭീകരര്‍ക്ക് സൗദി അറേബ്യ ക്രിമിനല്‍ കോടതി വധശിക്ഷ വിധിച്ചു. തലസ്ഥാന നഗരിയിലെ അല്‍ഹംറ ഡിസ്ട്രിക്ടിലെ വീടിനുള്ളിലാണ് പ്രതികള്‍ മാതാവിനെ കൊലപ്പെടുത്തിയത്. പിതാവും മറ്റൊരു സഹോദരനും ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ടതായി 'മലയാളം ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു..

നാല് വര്‍ഷം മുമ്പാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. വീട്ടിലെ മുറികളിലൊന്നിലേക്ക് 67കാരിയായ മാതാവിനെ തന്ത്രപൂര്‍വ്വം വിളിച്ചു വരുത്തിയാണ് പ്രതികള്‍ കൊലപ്പെടുത്തിയത്. 73കാരനായ പിതാവിനെയും 22 വയസ്സുള്ള സോഹദരനെയും പ്രതികള്‍ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ഇരുവരും ഗുരുതര പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. മുറിയിലേക്ക് മാതാവിനെ വിളിച്ച് വരുത്തിയ ശേഷം രണ്ടാം പ്രതി മാതാവിനെ പിന്നില്‍ നിന്ന് പിടിച്ചുവെക്കുകയും ശബ്ദം പുറത്തുകേള്‍ക്കാതിരിക്കാന്‍ വായ പൊത്തിപ്പിടിക്കുകയുമായിരുന്നു. ഈ സമയം ഒന്നാം പ്രതി മാതാവിനെ നിരവധി തവണ കുത്തി. കുത്തേറ്റ് നിലത്ത് വീണ മാതാവിന്റെ കഴുത്ത് രണ്ടാം പ്രതി അറുക്കുകയായിരുന്നു. 

രണ്ട് പ്രതികളും ചേര്‍ന്ന് സഹോദരനെയും ക്രൂരമായി കൊലപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും യുവാവ് ഓടി രക്ഷപ്പെടുകയായിരുന്നു. കൊലപാതകത്തിന് ശേഷം രക്ഷപ്പെടുന്നതിനായി പ്രതികള്‍ രണ്ട് കാറുകള്‍ മോഷ്ടിച്ചതായും കോടതി രേഖകളില്‍ പറയുന്നതായി 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു.