റിയാദ്: സ്കൂള്‍വെച്ചുണ്ടായ അടിപിടിക്കിടെ 12 വയസുകാരനെ സഹപാഠി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. റിയാദിലെ ബിശ്‍ര്‍ ബിന്‍ അല്‍ വാലിദില്‍ വെച്ച് തിങ്കളാഴ്ചയാണ് കൊലപാതകം നടന്നത്. രണ്ട് കുട്ടികള്‍ക്കിടയില്‍ നടന്ന രൂക്ഷമായ തര്‍ക്കമാണ് അടിപിടിയിലെത്തിയത്. പിന്നീട് മറ്റ് കുട്ടികള്‍ ഇടപെടുകയും ഇരുവരെയും പിടിച്ചുമാറ്റുകയുമായിരുന്നുവെന്ന് സിസിടിവി ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു.

അടിയേറ്റ് നിലത്തുവീണ കുട്ടിയെ അധ്യാപകര്‍ എടുത്ത് സ്കൂളിലെ ഒരുമുറിയില്‍ കൊണ്ടുപോയി പ്രാഥമിക ശുശ്രൂഷ നല്‍കി. ആശുപത്രിയിലെത്തിക്കാനായി റെഡ്ക്രെസന്റിനെ വിവരമറിയിച്ചുവെങ്കിലും 20 മിനിറ്റ് കഴിഞ്ഞാണ് ആംബുലന്‍സ് സ്ഥലത്തെത്തിയത്. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും കുട്ടി മരിച്ചിരുന്നതായി ഡോക്ടര്‍മാര്‍ അറിയിക്കുകയായിരുന്നു. കുട്ടിയുടെ രക്ഷിതാക്കളെ വിവരമറിയിച്ചുവെങ്കിലും യഥാസമയത്ത് രക്ഷിതാക്കള്‍ സ്കൂളില്‍ എത്തിയില്ലെന്നും സ്കൂള്‍ അധികൃതരുടെ മൊഴിയില്‍ പറയുന്നു.

അതേസമയം മകന്റെ കൊലപാകതത്തിന് ഉത്തരവാദിയായ വിദ്യാര്‍ത്ഥിയോട് താന്‍ ക്ഷമിച്ചുവെന്ന് മരണപ്പെട്ട കുട്ടിയുടെ അച്ഛന്‍ പറഞ്ഞു. പൊലീസ് സ്റ്റേഷനില്‍ ഇത് സംബന്ധിച്ച് അപേക്ഷയും അദ്ദേഹം നല്‍കി. എത്രയും വേഗം ആ വിദ്യാര്‍ത്ഥി തന്റെ മാതാപിതാക്കളുടെ അടുത്തേക്കും സ്കൂളിലേക്കും തിരികെ എത്തണമെന്ന് താന്‍ ആഗ്രഹിക്കുന്നുവെന്നും ദൈവത്തെ മാത്രം ഓര്‍ത്താണ് മാപ്പുനല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഫൈസല്‍ ബിന്‍ ബന്ദര്‍ ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരന്‍, വിദ്യാഭ്യാസ മന്ത്രി ഡോ. ഹമദ് ബിന്‍ മുഹമ്മദ് അല്‍ ശൈഖ്,  റിയാദ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ജനറല്‍  ഹമദ് അല്‍ വഹൈബി ഉള്‍പ്പെടെയുള്ളവര്‍ മരണപ്പെട്ട കുട്ടിക്ക് ആദരാഞ്ജലി അര്‍പ്പിച്ചു.