Asianet News MalayalamAsianet News Malayalam

ഹജ്ജ് 2021; മാർഗനിർദേശങ്ങൾ പ്രഖ്യാപിച്ചു, ഇത്തവണ വിദേശത്ത് നിന്നുള്ളവര്‍ക്കും അനുമതി

തീർത്ഥാടകരും, ഹജ്ജ് സേവനത്തിനെത്തുന്നവരും രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചിരിക്കണം. വിദേശ തീർത്ഥാടകർ സൗദിയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് വാക്സിനും, പി.സി.ആർ പരിശോധനയും പൂർത്തിയാക്കണമെന്നും അധികൃതർ അറിയിച്ചു. 

saudi to allow pilgrims from other countries to perform hajj this year
Author
Riyadh Saudi Arabia, First Published Mar 25, 2021, 12:07 PM IST

റിയാദ്: 2021ലെ ഹജ്ജ് തീർത്ഥാടനവുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങൾ സൗദി അധികൃതർ പ്രഖ്യാപിച്ചു. കൊവിഡ് സാഹചര്യത്തിൽ ആരോഗ്യ മുൻകരുതലുകൾക്ക് അനുസൃതമായ മാർഗനിർദേശങ്ങളാണ് പുറത്തുവിട്ടത്. 18നും 60 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്ക് മാത്രമേ ഇത്തവണ ഹജ്ജിന് അനുമതി നൽകുകയുള്ളൂ. 

തീർത്ഥാടകരും, ഹജ്ജ് സേവനത്തിനെത്തുന്നവരും രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചിരിക്കണം. വിദേശ തീർത്ഥാടകർ സൗദിയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് വാക്സിനും, പി.സി.ആർ പരിശോധനയും പൂർത്തിയാക്കണമെന്നും അധികൃതർ അറിയിച്ചു. കഴിഞ്ഞ വർഷം സൗദിക്ക് അകത്തുള്ള ആയിരത്തോളം പേർ മാത്രമാണ് ഹജ്ജ് ചെയ്തത്. എന്നാൽ ഈ വർഷം വിദേശ രാജ്യങ്ങളിൽ നിന്നുള്ള തീർത്ഥാടകർക്കും ഹജ്ജിന് അനുമതി നൽകും. കഴിഞ്ഞ വർഷത്തെപോലെ കർശനമായ കോവിഡ് പ്രോട്ടോകോൾ പാലിച്ച് കൊണ്ടായിരിക്കും ഈ തവണയും ഹജ്ജ്. 

ഹജ്ജ് കാലത്ത് പാലിക്കേണ്ട പ്രത്യേക ആരോഗ്യ മുൻകരുതൽ ചട്ടങ്ങൾ ഇരു ഹറം കാര്യാലയം മേധാവി ശൈഖ് അബ്ദുൽ റഹ്മാൻ അൽ സുദൈസ് പുറത്ത് വിട്ടു. രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചവർക്ക് മാത്രമേ ഹജ്ജ് തീർത്ഥാടനത്തിനും, ഇരുഹറമുകളും പുണ്യ സ്ഥലങ്ങളും സന്ദർശിക്കുന്നതിനും, ഹജ്ജ് സേവനത്തിനും അനുമതി നൽകൂ. മക്കയിലേയും മദീനയിലേയും 60 ശതമാനം ആളുകളിലും വാക്സിൻ വിതരണം ചെയ്യും. ദുൽഹജ്ജ് ഒന്നിന് മുമ്പായി രണ്ട് ഡോസ് വാക്സിനും സ്വീകരിച്ച ആഭ്യന്തര തീർത്ഥാടകർക്ക് മാത്രമേ ഹജ്ജിന് അനുമതി നൽകുകയുളളൂ. 

ഹജ്ജുമായി ബന്ധപ്പെട്ട സേവനങ്ങളിലേർപ്പെടുന്നവർ ഹജ്ജ് സേവനമാരംഭിക്കുന്നതിന് രണ്ടാഴ്ച മുമ്പെങ്കിലും വാക്സിന്റെ രണ്ട് ഡോസും സ്വീകരിച്ചിരിക്കണം. വിദേശ തീർത്ഥാടകർ സൗദിയിലെത്തുന്നതിന് ഒരാഴ്ച മുമ്പ്, ലോകാരോഗ്യ സംഘടനയുടെ അംഗീകാരമുള്ള വാക്സിൻ സ്വീകരിച്ചിരിക്കണമെന്നുമാണ് ചട്ടം. മാത്രവുമല്ല, സൌദിയിലെത്തുന്നതിന് 72 മണിക്കൂർ മുമ്പെടുത്ത പി.സി.ആർ നെഗറ്റീവ് പരിശോധന ഫലം ഇവർ കയ്യിൽ കരുതേണ്ടതാണ്. 

തീര്‍ത്ഥാടകര്‍ സൗദിയിലെത്തിയാൽ 72 മണിക്കൂർ ക്വാറന്റീൻ പൂർത്തിയാക്കുകയും, ഇതിൽ 48 മണിക്കൂർ പൂർത്തിയാകുമ്പോൾ വീണ്ടും കൊവിഡ് പരിശോധന നടത്തുകയും വേണം. 18നും 60 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്ക് മാത്രമാണ് ഇത്തവണ ഹജ്ജിന് അനുമതി. കഴിഞ്ഞ വർഷത്തെ പോലെ ഗ്രൂപ്പുകളായി തിരിച്ചായിരിക്കും ഇത്തവണയും ഹജ്ജ്.

Follow Us:
Download App:
  • android
  • ios