ദമ്മാം: സൗദിയിൽ ആളുകൾ കൂട്ടത്തോടെ താമസിക്കുന്നതിന് വിലക്ക് വരുന്നു. ആളുകൾ കൂട്ടത്തോടെ താമസിക്കുന്നതിനുള്ള വ്യവസ്ഥകളും ഇത് ലംഘിക്കുന്നവർക്കുള്ള ശിക്ഷകളും മുനിസിപ്പൽ-ഗ്രാമകാര്യ മന്ത്രാലയമാണ് പ്രഖ്യാപിച്ചത്.

ആരോഗ്യ, സാങ്കേതിക വ്യവസ്ഥകൾ പൂർണമല്ലാതെ ഇരുപതും അതിൽ കൂടുതലും ആളുകളെ കെട്ടിടങ്ങൾക്കകത്തും പുറത്തും താമസിപ്പിക്കുന്നതിനാണ് പുതിയ വ്യവസ്ഥ പ്രകാരം വിലക്ക്. ആളുകൾ കൂട്ടത്തോടെ കഴിയുന്ന താമസ സ്ഥലങ്ങളിൽ പരിശോധന നടത്താനും നിയമ ലംഘനങ്ങൾ കണ്ടെത്തി ശിക്ഷാ നടപടികൾ നിർദ്ദേശിക്കാനും വിവിധ മന്ത്രലായ പ്രതിനിധികളെ ഉൾപ്പെടുത്തി പ്രവിശ്യകളിൽ സ്ഥിരം സമിതികൾ രൂപികരിക്കും.ഈ സമിതിക്ക്  ആവശ്യമെങ്കിൽ പാർപ്പിടങ്ങൾ അടപ്പിക്കാനും അധികാരമുണ്ട്.

വ്യക്തികളുടെ താമസസ്ഥലങ്ങളുമായി ബന്ധപ്പെട്ട ആരോഗ്യ, സാങ്കേതിക വ്യവസ്ഥകൾ ലംഘിക്കുന്നവർക്ക് 30 ദിവസത്തിൽ കവിയാത്ത തടവും പത്തു ലക്ഷം റിയാലിൽ കൂടാത്ത പിഴയും ശിക്ഷ ലഭിക്കും. പകർച്ചവ്യാധി വ്യാപനം, പ്രകൃതി ദുരന്തങ്ങൾ, ഭീകരാക്രമണങ്ങൾ, യുദ്ധങ്ങൾ പോലെയുള്ള പ്രതിസന്ധി ഘട്ടങ്ങളിൽ വ്യവസ്ഥകൾ ലംഘിക്കുന്നവർക്ക് ആറുമാസം വരെ തടവും പത്തുലക്ഷം റിയാൽ വരെ പിഴയുമാണ് ശിക്ഷ. കൂടാതെ നിയമ ലംഘനങ്ങളുടെ എണ്ണത്തിനനുസരിച്ചു ഇരട്ടി ശിക്ഷയും ലഭിക്കും.എന്നാൽ പുതിയ വ്യവസ്ഥ എന്ന് മുതൽ നടപ്പിലാക്കി തുടങ്ങുമെന്നത് സംബന്ധിച്ചു മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല.