റിയാദ്: കൊവിഡ് വ്യാപനം തടയാനെന്ന പേരില്‍ കടലാസ്, നാണയ കറന്‍സികള്‍ സ്വീകരിക്കാത്ത കച്ചവട സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് സൗദി വാണിജ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. കൊവിഡ് പകരാതിരിക്കാന്‍ ചില കടകളില്‍ കടലാസ്, നാണയ കറന്‍സികള്‍ സ്വീകരിക്കില്ലെന്ന ബോര്‍ഡുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി.

കൊവിഡിനെ നേരിടുന്നതിനായി നേരത്തെ സൗദി കൗണ്‍സില്‍ ഓഫ് ചേംബേഴ്‌സിന് നല്‍കിയ സര്‍ക്കുലറില്‍ ഇലക്ട്രോണിക് സംവിധാനത്തിലൂടെ മാത്രം പേയ്‌മെന്റുകള്‍ സ്വീകരിക്കാന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ആ നിര്‍ദേശം നിലവിലില്ല. സൗദി മോണിറ്ററി അതോറിറ്റി പണമിടപാടുകള്‍ക്ക് നിശ്ചയിച്ച വ്യവസ്ഥ പാലിക്കണമെന്നും വാണിജ്യ മന്ത്രാലയം വ്യക്തമാക്കി. അതേസമയം കടലാസ്, നാണയ കറന്‍സികള്‍ സ്വീകരിക്കണമെന്നും അവ നിരസിക്കരുതെന്നും എല്ലാ വാണിജ്യ കടകളോടും സ്ഥാപനങ്ങളോടും കമ്പനികളോടും സൗദി കൗണ്‍സില്‍ ഓഫ് ചേംബേഴ്‌സ് നിര്‍ദേശിച്ചു. ആരോഗ്യ മുന്‍കരുതല്‍ നടപടികള്‍ക്ക് അനുസൃതമായി അവ കൈകാര്യം യ്യാന്‍ ശ്രദ്ധിക്കണമെന്നും കൗണ്‍സില്‍ നിര്‍ദേശിക്കുന്നു.