റിയാദ്: സോഷ്യല്‍ മീഡിയ വഴി അപകീര്‍ത്തികരമായ വീഡിയോ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിന് സൗദിയില്‍ യുവതി അറസ്റ്റില്‍. 40കാരിയായ സ്വദേശി വനിതയാണ് അറസ്റ്റിലായത്. മറ്റുള്ളവരെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ സോഷ്യല്‍ മീഡിയ വഴി ഇവര്‍ പ്രചരിപ്പിച്ച വീഡിയോ സൈബര്‍ കുറ്റകൃത്യത്തിന്റെ പരിധിയില്‍ വരുന്നതാണെന്ന് റിയാദ് പ്രവിശ്യ പൊലീസ് അസിസ്റ്റന്റ് വക്താവ് മേജര്‍ ഖാലിദ് അല്‍കുറൈദിസ് പറഞ്ഞു. സാമൂഹിക മാധ്യമങ്ങളിലെ വീഡിയോ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നായിരുന്നു നടപടി. ഇവര്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചതായും പൊലീസ് വക്താവ് പറഞ്ഞു.