റിയാദ്: സൗദി അറേബ്യയില്‍ കോണ്‍ട്രാക്ടിങ് മേഖലയില്‍ സ്വദേശിവല്‍ക്കരണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതായി തൊഴില്‍ മന്ത്രാലയത്തിന്റെ കീഴിലുള്ള മാനവശേഷി വികസന നിധി, സൗദി കോണ്‍ട്രാക്‌ടേഴ്‌സ് അതോറിറ്റി എന്നിവ അറിയിച്ചു. കോണ്‍ട്രാക്ടിങ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുമായി സഹകരിച്ച് ഏതാനും തൊഴില്‍ മേഖലകള്‍ സൗദിവല്‍ക്കരിക്കാനാണ് ശ്രമം. 

കോണ്‍ട്രാക്ടിങ് മേഖലയില്‍ 30 ലക്ഷം പേര്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്ക്. ഇതില്‍ 90 ശതമാനത്തിലേറെയും വിദേശികളാണ്. സൂപ്പര്‍വൈസര്‍, കണ്‍സ്ട്രക്ഷന്‍ ടെക്‌നീഷ്യന്‍, സ്‌പേസ് ടെക്‌നീഷ്യന്‍, റോഡ് ടെക്‌നീഷ്യന്‍ എന്നീ നാലു തൊഴിലുകളില്‍ സ്വദേശിവല്‍ക്കരണം നടപ്പിലാക്കാനാണ് പദ്ധതിയെന്ന് മാനവശേഷി വികസന നിധി പറഞ്ഞു. 

സ്വദേശി യുവാക്കള്‍ക്ക് ഈ തൊഴിലുകള്‍ക്ക് ആവശ്യമായ പരിശീലനം സൗദി ടെക്‌നിക്കല്‍ ആന്‍ഡ് വൊക്കേഷനല്‍ ട്രെയിനിങ് കേന്ദ്രങ്ങളില്‍ വെച്ച് നല്‍കും. പരിശീലനത്തിനിടയ്ക്കും ജോലിയില്‍ പ്രവേശിച്ച ആദ്യ ഘട്ടത്തിലും ആവശ്യമായ പിന്തുണയും സാമ്പത്തിക സഹായവും മാനവശേഷി വികസന നിധി നല്‍കും. കോണ്‍ട്രാക്ടിങ്, നിര്‍മ്മാണ മേഖല സ്വദേശിവല്‍ക്കരിക്കുന്നതിലൂടെ പതിനായിരക്കണക്കിന് സ്വദേശികള്‍ക്ക് തൊഴില്‍ നല്‍കാനാകുമെന്നാണ് മന്ത്രാലയം പ്രതീക്ഷിക്കുന്നത്.