സ്വദേശിവത്കരണം കൂടുതൽ മേഖലകളിലേക്കും വ്യാപിപ്പിക്കുന്നു. അക്കൗണ്ടിങ് ജോലികളും സൗദിവത്കരണം നടപ്പിലാക്കുന്നു. അഞ്ചോ അതിലധികമോ അക്കൗണ്ടിങ് ജോലിക്കാർ ഉള്ള സ്ഥാപനങ്ങളിലെ 40 ശതമാനം അക്കൗണ്ടിങ് ജോലികൾ സൗദി സ്വദേശികൾക്ക് മാത്രമായി മാറ്റി വെക്കും.
റിയാദ്: പ്രവാസികൾക്ക് തിരിച്ചടിയായി സൗദി അറേബ്യയിൽ അക്കൗണ്ടിങ് ജോലികളിലും സ്വദേശിവത്കരണം. അക്കൗണ്ടിങ് ജോലികളിലുള്ള സൗദി സ്വദേശിവൽക്കരണത്തിന്റെ ആദ്യഘട്ടം തിങ്കളാഴ്ച മുതൽ ആരംഭിക്കും. അഞ്ചോ അതിലധികമോ അക്കൗണ്ടിങ് ജോലിക്കാർ ഉള്ള സ്ഥാപനങ്ങളിലെ 40 ശതമാനം അക്കൗണ്ടിങ് ജോലികൾ സൗദി സ്വദേശികൾക്ക് മാത്രമായി മാറ്റി വയ്ക്കുക എന്നതാണ് ആദ്യ ഘട്ടത്തിന്റെ ലക്ഷ്യമെന്ന് വാണിജ്യ മന്ത്രാലയം വ്യക്തമാക്കി.
അക്കൗണ്ടിങ് ജോലികൾ സ്വദേശിവൽക്കരിക്കുന്നതിന്‍റെ രണ്ടാം ഘട്ടത്തിൽ 50 ശതമാനം ആയി സ്വദേശിവൽക്കരണ തോത് വർദ്ധിക്കും. 2026 ഒക്ടോബർ 27ന് ഇത് നടപ്പിലാക്കും. തുടർന്ന് മൂന്നാം ഘട്ടം 2027 ഒക്ടോബർ 27 മുതൽ നടപ്പിലാക്കുന്നതോടെ സ്വദേശിവൽക്കരണ തോത് 60 ശതമാനം ആയി ഉയരും. നാലാം ഘട്ടത്തിൽ 70 ശതമാനം ആക്കുകയും ചെയ്യും, ഇത് 2028 ഒക്ടോബർ 27 ന് നടപ്പിലാക്കും. മൂന്നോ നാലോ അക്കൗണ്ടന്റുമാരെ നിയമിക്കുന്ന സ്ഥാപനങ്ങളുടെ 30 ശതമാനം സൗദി സ്വദേശികൾക്കായി സംവരണം ചെയ്യുന്നതിനാണ് അഞ്ചാം ഘട്ടം ലക്ഷ്യമിടുന്നത്. സ്വകാര്യ മേഖലയിലെ അക്കൗണ്ടിങ് പ്രൊഫഷനുകളിൽ സ്വദേശികളുടെ സാന്നിധ്യം ഉയർത്തുന്നതോടൊപ്പം, സാമ്പത്തിക വ്യവസ്ഥയിൽ പുരുഷ-സ്ത്രീ പൗരന്മാരുടെ സംഭാവന വർധിപ്പിക്കുക എന്നിവയാണ് ഈ തീരുമാനം ലക്ഷ്യമിടുന്നത്.


