ഷാര്‍ജ: കുട്ടികളെയുമായി സ്കൂളിലേക്ക് പോകുന്നതിനിടെ ബസിന് തീപിടിച്ചു. ചൊവ്വാഴ്ച രാവിലെ 6.30ന് ഷാര്‍ജയിലെ കല്‍ബയിലായിരുന്നു സംഭവം. ഡ്രൈവറുടെ സമയോചിതമായ ഇടപെടലാണ് കുട്ടികള്‍ക്ക് രക്ഷയായത്.

രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികളാണ് ബസിലുണ്ടായിരുന്നത്. കല്‍ബയില്‍ വില്ലകളുടെ സമീപത്തുവെച്ച് എഞ്ചിനില്‍ നിന്ന് പുക ഉയരുന്നതുകണ്ട് ഡ്രൈവര്‍ ബസ് നിര്‍ത്തുകയായിരുന്നു. ഉടന്‍ തന്നെ വാഹനത്തില്‍ തീ ആളിക്കത്താന്‍ തുടങ്ങി. ഇതിനിടയില്‍ തന്നെ എല്ലാ കുട്ടികളെയും ഡ്രൈവര്‍ പുറത്തിറക്കി. വിവരമറിയിച്ചതനുസരിച്ച് പൊലീസ്, ഡിവില്‍ ഡിഫന്‍സ് സംഘങ്ങള്‍ ഉടന്‍ സ്ഥലത്തെത്തി. തീ നിയന്ത്രണ വിധേയമാക്കിയതിനൊപ്പം സമീപത്തെ വില്ലകളിലേക്ക് തീ പടരാതെ നിയന്ത്രിക്കുകയും ചെയ്തു. ബസ് പൂര്‍ണമായും കത്തിനശിച്ചു. പരിശീലനം സിദ്ധിച്ച ഡ്രൈവറുടെ സമയോചിത ഇടപെടലാണ് കുട്ടികള്‍ക്ക് തുണയായതെന്ന് അധികൃതര്‍ അറിയിച്ചു. പിന്നീട് മറ്റൊരു ബസ് എത്തിച്ച് കുട്ടികളെ സ്കൂളിലേക്ക് കൊണ്ടുപോയി. തീപിടുത്തത്തെക്കുറിച്ച് ബന്ധപ്പെട്ട ഏജന്‍സികള്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്.