അടുത്ത അധ്യയന വര്‍ഷത്തെ ക്ലാസുകള്‍ സെപ്റ്റംബറില്‍ ആരംഭിക്കുമ്പോള്‍ ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങള്‍ സംബന്ധിച്ച് അധികൃതര്‍ സ്കൂളുകള്‍ക്ക് അറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്. 

ഷാര്‍ജ: ഷാര്‍ജയില്‍ സ്കൂള്‍ ബസുകളില്‍ പരമാവധി ശേഷിയുടെ 50 ശതമാനം കുട്ടികളെ കൊണ്ടുപോകാന്‍ അനുമതി. സെപ്റ്റംബറില്‍ സ്കൂളുകള്‍ പ്രവര്‍ത്തനം തുടങ്ങുമ്പോള്‍ ഇത്തരത്തില്‍ സജ്ജീകരണം ഏര്‍പ്പെടുത്താനാണ് ഷാര്‍ജ പ്രൈവറ്റ് എജ്യൂക്കേഷന്‍ അതോരിറ്റി നിര്‍ദേശിച്ചിരിക്കുന്നത്. 

അടുത്ത അധ്യയന വര്‍ഷത്തെ ക്ലാസുകള്‍ സെപ്റ്റംബറില്‍ ആരംഭിക്കുമ്പോള്‍ ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങള്‍ സംബന്ധിച്ച് അധികൃതര്‍ സ്കൂളുകള്‍ക്ക് അറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്. ഇവ പാലിക്കുന്നതില്‍ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ പിഴ ചുമത്തുകയോ പഠനം പൂര്‍ണമായി ഓണ്‍ലൈന്‍ രീതിയിലേക്ക് മാറ്റാന്‍ നിര്‍ദേശിക്കുകയോ ചെയ്യുമെന്നും ഷാര്‍ജ പ്രൈവറ്റ് എജ്യൂക്കേഷന്‍ അതോരിറ്റി ഡയറക്ടര്‍ ജനറല്‍ അലി അല്‍ ഹുസൈനി അറിയിച്ചു. 

സ്കൂളുകളിലേക്ക് പ്രവേശിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍, ശുചിത്വം, അണുനശീകരണം, സമയാസമയങ്ങളിലെ അണുവിമുക്തമാക്കല്‍ നടപടികള്‍, സാമൂഹിക അകലം, പുസ്‍തകങ്ങളും യൂണിഫോമുകളും സ്വീകരിക്കുകയും വിതരണം ചെയ്യുകയും ചെയ്യല്‍, രോഗബാധ സംശയിക്കപ്പെടുന്ന സന്ദര്‍ഭങ്ങളില്‍ സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍ തുടങ്ങിയവ സംബന്ധിച്ചുള്ള നിര്‍ദേശങ്ങളാണ് നല്‍കിയിരിക്കുന്നത്. ഇതിന് പുറമെ കൂട്ടികള്‍ കൂട്ടം ചേരല്‍, ഭക്ഷണം, ഗതാഗതം, വിശ്രമ സ്ഥലങ്ങള്‍, ലൈബ്രറി, പ്രാര്‍ത്ഥനാ മുറികള്‍, മറ്റ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ സംബന്ധിച്ചുള്ള അറിയിപ്പുകളും നല്‍കിയിട്ടുണ്ട്. കുട്ടികളും അധ്യാപകരും മറ്റ് ജീവനക്കാരുമെല്ലാം മുഴുവന്‍ സമയവും മാസ്ക് ധരിച്ചിരിക്കണമെന്നും നിര്‍ദേശങ്ങളിലുണ്ട്.