റിയാദ്​: സൗദി സ്​കൂളുകളിൽ ഈ വര്‍ഷം വേനലവധി മെയ്​ 15ന്​ ആരംഭിക്കും. അതുകൊണ്ട്​ രണ്ടാം ടേം പരീക്ഷകൾ നേരത്തെയാക്കും. സല്‍മാന്‍ രാജാവിന്റെ ഉത്തരവാണിത്​. മെയ് മൂന്നിന് പരീക്ഷ ആരംഭിക്കും. വേനലവധിക്ക് ശേഷം ആഗസ്​റ്റ്​ 30ന് പുതിയ അധ്യയന വര്‍ഷം ആരംഭിക്കും.

റമദാനില്‍ സ്‌കൂളുകള്‍ക്ക് അവധി നല്‍കി ചെറിയ പെരുന്നാളിന് ശേഷം രണ്ടാം ടേം പരീക്ഷ നടത്താനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാല്‍ പരീക്ഷ നേരത്തെയാക്കുന്നതിലെ നേട്ടങ്ങളെ കുറിച്ച് പഠനം നടത്തിയ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനത്തില്‍ മാറ്റം വരുത്തിയത്.

നഴ്‌സറികളിലേയും പ്രാഥമിക വിദ്യാലയങ്ങളിലേയും അധ്യാപകരും അനധ്യാപകരുമായ ജീവനക്കാര്‍ക്ക് മെയ് 15 മുതല്‍ വേനലവധി ആരംഭിക്കും. എന്നാൽ ഇൻറര്‍മീഡിയറ്റ്, സെക്കണ്ടറി തലങ്ങളിലെ വിദ്യാർഥികള്‍ക്ക് ജൂണ്‍ രണ്ടിനാണ്​ പരീക്ഷ തുടങ്ങുന്നത്​. അതുകൊണ്ട്​ തന്നെ വേനലവധി ജൂണ്‍ 20 മുതലാണ്.