റിയാദ്: വലയ സൂര്യഗ്രഹണം പ്രമാണിച്ച് ഇന്ന് സൗദി അറേബ്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവൃത്തി സമയത്തില്‍ മാറ്റം വരുത്തി. സ്കൂളുകളും യൂണിവേഴ്‍സിറ്റികളും അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും രാവിലെ ഒന്‍പത് മണി മുതല്‍ മാത്രമേ പ്രവര്‍ത്തിക്കൂ എന്നാണ് അറിയിച്ചത്. കുട്ടികളുടെയും അധ്യാപകരുടെയും സുരക്ഷ കണക്കിലെടുത്താണ് തീരുമാനമെന്ന് അധികൃതര്‍ അറിയിച്ചു.

വിദ്യാലയങ്ങളിലെ പരീക്ഷകള്‍ അടക്കമുള്ള എല്ലാ പ്രവര്‍ത്തനങ്ങളും എട്ട് മണിക്ക് ശേഷമേ തുടങ്ങാവൂ എന്ന് വിദ്യാഭ്യാസ മന്ത്രി മുഹമ്മദ് ബിന്‍ ഹമദ് ആലുശൈഖ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കാണ് ഈ സമയമാറ്റം. രാവിലെ 5.30 മുതല്‍ 7.45 വരെയായിരുന്നു സൗദി അറേബ്യയില്‍ ഗ്രഹണം. 97 വര്‍ഷത്തിന് ശേഷമാണ് സൗദിയില്‍ വലയ സൂര്യഗ്രഹണം ദൃശ്യമായത്. ഇനി ആറ് മാസത്തിനുള്ളില്‍ അടുത്ത വലയ ഗ്രഹണവും രാജ്യത്ത് ദൃശ്യമാകും. 2020 ജൂണ്‍ 21നാണ് അടുത്ത ഗ്രഹണം.