റിയാദ്: കൊവിഡ് 19 ജാഗ്രതയുടെ ഭാഗമായി സൗദി അറേബ്യയിലെ സ്‌കൂളുകൾക്കും സർവകലാശാലകൾക്കും തിങ്കളാഴ്ച മുതല്‍ അവധി പ്രഖ്യാപിച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ വിദ്യാലയങ്ങള്‍ താൽക്കാലികമായി അടക്കുകയാണെന്ന് വിദ്യഭ്യാസ മന്ത്രാലയം ട്വീറ്റിൽ അറിയിച്ചു. സൗദി അറേബ്യയില്‍ നാല് പേർക്ക് കൂടി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.

ഇതോടെ സൗദി അറേബ്യയിൽ രോഗബാധിതരുടെ എണ്ണം 11 ആയി. രോഗം സ്ഥിരീകരിച്ച 11 പേരും ഒരേ മേഖലയിൽ നിന്നുള്ളവരായതിനാൽ ഈ പ്രദേശത്തേക്ക് പുറത്തുനിന്നുള്ളവർ എത്തുന്നത് താൽക്കാലികമായി വിലക്കി. രോഗം ബാധിച്ച പതിനൊന്നുപേരും കിഴക്കൻ പ്രവിശ്യയിലെ ഖത്തീഫിൽ നിന്നുള്ളവരായതിനാൽ ഇവിടേക്ക് വരുന്നതിനും പുറത്തു പോകുന്നതിനും താത്കാലിക വിലക്കേർപ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

എന്നാൽ, നിലവിൽ ഖത്തീഫിന് പുറത്തുള്ള ഇവിടുത്തെ താമസക്കാർക്ക് തിരിച്ചു വീട്ടിലേക്ക് വരുന്നതിന് തടസമില്ല. അതേസമയം രോഗബാധ തടയാനായി വാണിജ്യ കേന്ദ്രങ്ങളും ഷോപ്പിംഗ് മാളുകളും മുൻകരുതൽ നടപടികൾ ശക്തമാക്കി. ട്രോളികൾ അണുവിമുക്തമാക്കുന്നതിനും ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും ഉപയോഗത്തിനായി അണുനശീകരണ സംവിധാനം ഒരുക്കുന്നതിനും ഹൈപ്പർ മാർക്കറ്റുകൾ അടക്കമുള്ള സ്ഥാപനങ്ങൾക്ക് റിയാദ് നഗരസഭ നിർദ്ദേശം നൽകി.

മുൻകരുതൽ നടപടികളുടെ ഭാഗമായി പള്ളികളിലെ കാർപെറ്റുകൾ പതിവായി അണുവിമുക്തമാക്കുന്നതിനു ഇസ്ലാമികകാര്യ മന്ത്രാലയവും നിർദ്ദേശിച്ചിട്ടുണ്ട്. വിവിധ മന്ത്രാലയങ്ങളും സർക്കാർ ഓഫീസുകളും സ്വകാര്യ സ്ഥാപനങ്ങളും ജീവനക്കാരുടെ പഞ്ചിംഗ് സംവിധാനവും താൽക്കാലികമായി നിർത്തിവെച്ചു.