ഖത്തറിലെ കോർണിഷ് സ്ട്രീറ്റ് നവീകരണത്തിന്‍റെ രണ്ടാം ഘട്ടം പൂര്‍ത്തിയായി. ഓൾഡ് ദോഹ പോർട്ട് ഇന്റർസെക്ഷൻ മുതൽ ദിവാൻ ഇന്റർസെക്ഷൻ വരെയുള്ള ഭാഗമാണ് നവീകരണം പൂർത്തിയായത്.

ദോഹ: കോർണിഷ് സ്ട്രീറ്റിലെ നവീകരണ പ്രവർത്തനങ്ങളുടെ രണ്ടാം ഘട്ടം പൂര്‍ത്തിയാക്കിയതായി ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി (അഷ്ഗാൽ) അറിയിച്ചു. ഓൾഡ് ദോഹ പോർട്ട് ഇന്റർസെക്ഷൻ മുതൽ ദിവാൻ ഇന്റർസെക്ഷൻ വരെയുള്ള ഭാഗമാണ് നവീകരണം പൂർത്തിയായത്.

സുരക്ഷിതവും സുഖകരവുമായ ഡ്രൈവിംഗ് അനുഭവം ഉറപ്പാക്കുന്നതിന് അസ്ഫാൽട്ട് പാളി പുതുക്കിപ്പണിയുന്നതും റോഡ് മാർക്കിംഗുകളും ലൈനുകളും പുതുക്കലും ഉൾപ്പെടുന്നതാണ് നവീകരണ പ്രവർത്തനങ്ങളെന്ന് അധികൃതർ വ്യക്തമാക്കി. ഷാർക്ക് ഇന്‍റര്‍ചേഞ്ച് മുതൽ ഓൾഡ് പോർട്ട് ഇന്റർചേഞ്ച് വരെയുള്ള ഭാഗം ഉൾക്കൊള്ളുന്ന ആദ്യ ഘട്ട നവീകരണ പ്രവർത്തനങ്ങൾ കഴിഞ്ഞ ആഴ്ച പൂർത്തിയായിരുന്നു. റോഡ് കാര്യക്ഷമത വർധിപ്പിക്കുക, മൊബിലിറ്റി മെച്ചപ്പെടുത്തുക, എല്ലാ റോഡ് ഉപയോക്താക്കൾക്കും അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുക എന്നിവ ലക്ഷ്യമിട്ടാണ് നവീകരണ പദ്ധതി.