സൗദി അറേബ്യ: സൗദിയിലുള്ള ഭർത്താവാന്‍റെ അടുത്തേക്ക് പോകാൻ മക്കളുമായെത്തിയ യുവതിയുടെ പാസ്പോര്‍ട്ട്, തിരുവനന്തപുരം വിമാനത്താവള സുരക്ഷാ ഉദ്യോഗസ്ഥന്‍ കീറിയതായി പരാതി. മക്കളായ ഫാദിൽ, ഫാഹിം എന്നിവരോടൊപ്പം  ദമ്മാമിലേക്ക് പോകാനെത്തിയ കിളിമാനൂർ തട്ടത്തുമല വിലങ്ങറ ഇർഷാദ് മൻസിലിൽ ഇർഷാദി​​​ന്‍റെ ഭാര്യ ഷനുജയുടെ പാസ്പോര്‍ട്ടാണ് ഉദ്യോഗസ്ഥന്‍ കീറിയത്.  മാർച്ച് 23 ന്​ രാവിലെ എട്ട്​ മണിക്കാണ്​ സംഭവം.

ഗൾഫ് എയർ വിമാനയാത്രക്ക്​ ബോർഡിങ് പാസ്​ വാങ്ങി എമിഗ്രേഷൻ നടപടികൾക്കായി ഉദ്യോഗസ്​ഥന് പാസ്​പോർട്ട് കൈമാറി.  പാസ്​പോർട്ട് വാങ്ങി നോക്കിയ ശേഷം നിങ്ങൾക്ക് യാത്ര ചെയ്യാനാവില്ലെന്നും പാസ്​പോർട്ട് കീറിയിരിക്കുകയാണെന്നും ഇയാള്‍ പറഞ്ഞു. ഷനുജ നോക്കുമ്പോൾ പാസ്​പോർട്ട് അൽപം ഇളകിയ നിലയിലായിരുന്നു.

തുടർന്ന് കുറച്ചകലെയുള്ള മറ്റൊരു ജീവനക്കാരനോട് എന്തോ സംസാരിച്ചു മടങ്ങിവന്ന സുരക്ഷാ ഉദ്യോഗസ്ഥന്‍ പൂർണമായും ഇളകി രണ്ടാക്കി മാറ്റിയ പാസ്പ്പോർട്ടാണ് ഷനുജയ്ക്ക് നല്‍കിയത്. ഇതുപയോഗിച്ച് യാത്രാനുമതി നൽകാനാവില്ലെന്ന് ഇയാള്‍ അറിയിച്ചു. വിമാനത്താവളത്തിൽ പ്രവേശിച്ചപ്പോൾ സെക്യൂരിറ്റി ഉദ്യോഗസ്ഥർ പരിശോധിച്ച് തിരിച്ചു നൽകിയ പാസ്​പോർട്ടിന് തകരാറൊന്നും ഉണ്ടായിരുന്നില്ലെന്ന് ഷനുജ പറയുന്നു. 

പിന്നീട് മുതിർന്ന ഉദ്യോഗസ്ഥരെത്തി ചർച്ച ചെയ്ത ശേഷം ഇവരെ യാത്രക്ക്​ അനുവദിക്കുകയായിരുന്നു. സംഭവത്തില്‍ കേന്ദ്രമന്ത്രി സുഷമ സ്വരാജിനും, മുഖ്യമന്ത്രി പിണറായി വിജയനും പരാതിയയച്ചു. ഡിജിപിക്ക് പരാതി കൈമാറിയതായി മുഖ്യമന്ത്രിയുടെ മറുപടി ലഭിച്ചു.