കുവൈത്ത് സിറ്റി: കുവൈത്തിൽ കൊവിഡ് ബാധിച്ച് മലയാളി ഉൾപ്പെടെ ഏഴ്  പേർ കൂടി മരിച്ചു. ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 82 ആയി. അതിനിടെ 233 ഇന്ത്യക്കാർ ഉൾപ്പെടെ 751 പേർക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്.

പയ്യന്നൂർ കവ്വായി യുപി സ്കൂളിന് സമീപത്തെ അക്കാളത്ത് അബ്ദുറഹീം --ഫാത്തിമ ദമ്പതികളുടെ മകൻ ഗഫൂറാണ് (34) മരിച്ച മലയാളി. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിക്കായിരുന്നു മരണം. പനിയെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ ഫര്‍വാനിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

രാത്രി വീട്ടിലേക്ക് ഫോണ്‍ വിളിച്ചിരുന്നു. പിന്നീട് രോഗം മൂര്‍ച്ഛിക്കുകയും മരണം സംഭവിക്കുകയുമായിരുന്നു. ദിജീജില്‍ ആര്‍കിടെക്ട് ഓഫീസ് ജീവനക്കാരനായിരുന്നു. എട്ട് മാസം മുമ്പാണ് കുവൈത്തിലേക്ക് പോയത്. ഭാര്യ: ഉമൈമ, മകന്‍: മുഹമ്മദ് ഹാനി.

അതേസമയം പ്രവാസികളെയും കൊണ്ട് നാല് വിമാനങ്ങൾ കുവൈത്തിൽ നിന്ന് ഇന്ത്യയിലേക്ക് തിരിച്ചു. എയർ ഇന്ത്യയുടെ രണ്ട് വിമാനങ്ങളും, കുവൈത്ത് എയർവേസിന്‍റെ രണ്ട് വിമാനങ്ങളുമാണ് സർവ്വീസ് നടത്തുന്നത്. കരിപ്പൂരിലേക്കുള്ള വിമാനം ഇന്ന് രാത്രി നാട്ടിലെത്തും. 180 യാത്രക്കാരാണ് ഇതിൽ ഉള്ളത്. മറ്റൊന്ന് മുംബൈയിലേക്കുമാണ്.

കുവൈത്തിൽ നിന്ന് നാട് കടത്തുന്നവരെയാണ് കുവൈത്ത് എയർവേയ്സ് നാട്ടിലെത്തിക്കുന്നത്. ഇൻഡോറിലേക്കാണ് രണ്ട് വിമാനങ്ങളും സർവ്വീസ് നടത്തുന്നത്. കുവൈത്തിൽ മരിച്ച മൂന്ന് മലയാളികളുടെ മൃതദേഹവും ഇന്ന് എയർ ഇന്ത്യാ വിമാനത്തിൽ കരിപ്പൂരിലെത്തിക്കും. കോഴിക്കോട് സ്വദേശിനി ചെട്ടിയാംകണ്ടി ശ്രീജകുമാരി, തൃശ്ശൂർ അമ്മാടം സ്വദേശി വിൽസൺ പൈലി, പത്തനംതിട്ട സ്വദേശി കല്ലംപറമ്പിൽ പ്രിൻസ് മാത്യു എന്നിവരുടെ മൃതദേഹമാണ് നാട്ടിലെത്തിക്കുന്നത്.