മസാജ് സെന്‍ററിന്‍റെ മറവിൽ അനാശാസ്യ പ്രവർത്തനം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ. നിയമലംഘനങ്ങൾക്കെതിരെ വരും ദിവസങ്ങളിലും നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ കർശനമായ പരിശോധനകൾ തുടരുമെന്ന് സുരക്ഷാ വിഭാഗം വ്യക്തമാക്കി. 

റിയാദ്: സൗദി തലസ്ഥാനത്തെ ഒരു മസാജ് സെന്‍റർ കേന്ദ്രീകരിച്ച് അനാശാസ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന ഏഴ് വിദേശികളെ റിയാദ് പൊലീസ് അറസ്റ്റ് ചെയ്തു. നഗരത്തിലെ പ്രമുഖ 'റിലാക്സേഷൻ ആൻഡ് ബോഡി കെയർ സെന്‍ററി'ൽ പൊതുമര്യാദകൾക്ക് നിരക്കാത്ത പ്രവർത്തനങ്ങൾ നടക്കുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് നടപടി.

Add Asianetnews as a Preferred SourcegooglePreferred

ജനറൽ ഡിപ്പാർട്ട്‌മെന്‍റ് ഓഫ് കമ്യൂണിറ്റി സെക്യൂരിറ്റി, മനുഷ്യക്കടത്ത് വിരുദ്ധ വിഭാഗം എന്നിവയുമായി സഹകരിച്ച് സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ കർശന പരിശോധനയിലാണ് പ്രതികൾ വലയിലായത്. പിടിയിലായവർക്കെതിരെ നിയമാനുസൃതമായ പ്രാഥമിക നടപടികൾ പൂർത്തിയാക്കി. ഇവരെ തുടർനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി പൊലീസ് അറിയിച്ചു. നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് നടത്തിയ മസാജ് സെന്ററിനെതിരെ റിയാദ് മുനിസിപ്പാലിറ്റിയുടെ മുനിസിപ്പൽ പെനാൽറ്റി റെഗുലേഷൻ പ്രകാരമുള്ള കടുത്ത ശിക്ഷാ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

ഇത്തരം നിയമലംഘനങ്ങൾക്കെതിരെ വരും ദിവസങ്ങളിലും നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ കർശനമായ പരിശോധനകൾ തുടരുമെന്ന് സുരക്ഷാ വിഭാഗം പ്രസ്താവനയിലൂടെ വ്യക്തമാക്കി. പൊതുനിയമങ്ങളും രാജ്യത്തെ മര്യാദകളും ലംഘിക്കുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.