നിയമം ലംഘിച്ച കമ്പനികൾക്കെതിരെ മന്ത്രാലയം വിവിധ നിയമനടപടികൾ ആരംഭിച്ചു
റിയാദ്: ഗതാഗത സേവനങ്ങൾ നൽകുന്നതിൽ വീഴ്ചവരുത്തിയ ഏഴ് ഉംറ കമ്പനികളെ സസ്പെൻഡ് ചെയ്തു. തീർഥാടകർക്ക് ആവശ്യമായ ഗതാഗത സേവനങ്ങൾ അംഗീകൃത മാനദണ്ഡങ്ങൾക്ക് അനുസൃതമായി ഒരുക്കുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഹജ്ജ് ഉംറ മന്ത്രാലയത്തിന്റെ നടപടി. നിയമം ലംഘിച്ച കമ്പനികൾക്കെതിരെ മന്ത്രാലയം വിവിധ നിയമനടപടികൾ ആരംഭിച്ചു. കമ്പനികളുടെ പ്രവർത്തനങ്ങൾ താൽക്കാലികമായി തടഞ്ഞു.
തീർഥാടകർക്ക് ബദൽ ഗതാഗത സേവനം നൽകുന്നതിനുള്ള ചെലവുകൾ കമ്പനിയുടെ ബാങ്ക് ഗ്യാരണ്ടികളിൽ നിന്ന് ഈടാക്കി. അംഗീകൃത മാനദണ്ഡങ്ങൾക്കനുസൃതമായി സേവനങ്ങൾ അതത് കമ്പനികൾ നൽകുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്തതായി മന്ത്രാലയം അറിയിച്ചു. തീർഥാടകരുടെ അവകാശങ്ങൾ പൂർണമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും ഉയർന്ന നിലവാരത്തിലും പ്രൊഫഷനലിസത്തിലും സേവനങ്ങൾ ലഭ്യമാക്കുന്നതിനും മന്ത്രാലയം കർശന നടപടികളുമായി മുന്നോട്ട് പോകും.


