വേൾഡ് എക്സ്പോയുടെ ഔദ്യോഗിക പതാക സൗദി പ്രതിനിധി സംഘത്തിന് കൈമാറി

റിയാദ്: 2030ലെ ‘വേൾഡ് എക്സ്പോ’ റിയാദിൽ നടത്തുന്നതിനുള്ള അന്തിമ അംഗീകാരം ലഭിച്ചു. ഫ്രാൻസിലെ പാരീസിൽ നടന്ന ബ്യൂറോ ഇന്റർനാഷനൽ ഡെസ് എക്സ്പോസിഷൻസിന്റെ (ബിഐഇ) ജനറൽ അസംബ്ലിയിൽ ആതിഥേയ രാജ്യമായ സൗദി അറേബ്യയുടെ രജിസ്ട്രേഷൻ അംഗീകരിക്കുന്നതിനുള്ള പ്രക്രിയ പൂർത്തിയാക്കി. വേൾഡ് എക്സ്പോയുടെ ഔദ്യോഗിക പതാക സൗദി പ്രതിനിധി സംഘത്തിന് കൈമാറി. റിയാദ് റോയൽ കമീഷൻ ആക്ടിങ് സിഇഒയും സഹമന്ത്രിയുമായ എൻജി. ഇബ്രാഹിം ബിൻ മുഹമ്മദ് അൽ സുൽത്താന്റെ നേതൃത്വത്തിലാണ് സൗദി പ്രതിനിധി സംഘം യോഗത്തിൽ പങ്കെടുത്തത്.

അന്താരാഷ്ട്ര എക്സ്പോകളുടെ ചരിത്രത്തിൽ റെക്കോർഡ് സമയത്ത് പൂർണ രജിസ്ട്രേഷൻ ഫയൽ വിജയകരമായി പൂർത്തിയാക്കി സമർപ്പിക്കുന്ന ആദ്യത്തെ നഗരമാണ് റിയാദ്. ഇത്തരത്തിലുള്ള ഫയലുകൾക്കുള്ള സാധാരണ സമയത്തിന്റെ പകുതി സമയം കൊണ്ടാണ് ഫയൽ സമർപ്പിച്ചത്. 2030 ഒക്ടോബർ ഒന്ന് മുതൽ 2031 മാർച്ച് 31 വരെയാണ് എക്സ്പോക്ക് റിയാദ് നഗരം ആതിഥ്യം വഹിക്കുക. 60 ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് എക്സ്പോക്ക് വേദിയൊരുങ്ങുക.

ചരിത്രത്തിലെ ഏറ്റവും വലിയ എക്സ്പോകളിൽ ഒന്നായിരിക്കും ഇത്. നാല് കോടി സന്ദർശകരെയാണ് പ്രതീക്ഷിക്കുന്നത്. അത്രയും ആളുകളെ സ്വീകരിക്കാൻ കഴിയുന്ന സൗകര്യങ്ങളാണ് ഒരുങ്ങുക. ലോകോത്തര നിലവാരത്തിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കും.195 രാജ്യങ്ങൾ പങ്കാളികളാവും.