ദുബായ്: യുഎഇയിലെ നറുക്കെടുപ്പുകളില്‍ ഭാഗ്യം മിക്കവാറും ഇന്ത്യക്കാര്‍ക്കൊപ്പം തന്നെയാണ്. ഏഴ് വയസുള്ള ഇന്ത്യന്‍ ബാലന്‍ കപില്‍രാജ് കനകരാജാണ് ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ പത്ത് ലക്ഷം ഡോളര്‍  (7.4 കോടിയിലധികം ഇന്ത്യന്‍ രൂപ) നേടി മറുനാട്ടിലെ ഭാഗ്യവാന്മാരുടെ പട്ടികയില്‍ പേരെഴുതി ചേര്‍ത്തത്.  അജ്മാനില്‍ താമസിക്കുന്ന അച്ഛന്‍ തമിഴ്നാട് സ്വദേശിയായ കനകരാജാണ് 237 സീരിസിലുള്ള 4234 എന്ന നമ്പറിലെ ടിക്കറ്റ് മകന്റെ പേരിലെടുത്തത്. ചൊവ്വാഴ്ച നടന്ന നറുക്കെടുപ്പിലൂടെ ഏഴ് വയസുകാരനെ ഭാഗ്യം തേടിയെത്തുകയായിരുന്നു.

27 വര്‍ഷമായി അജ്മാനില്‍ പ്രവാസിയാണ് കനകരാജ്. തന്റെ ജീവിതം തന്നെ മാറ്റിമറിക്കുന്ന ഭാഗ്യം സമ്മാനിച്ചതിന് അദ്ദേഹം ദുബായ് ഡ്യൂട്ടി ഫ്രീയ്ക്ക് നന്ദി പറഞ്ഞു. തന്റെ ഇപ്പോഴത്തെ അവസ്ഥ വാക്കുകളിലൂടെ വര്‍ണിക്കാനാവുന്നില്ല. സ്വന്തമായുള്ള ഫര്‍ണിച്ചര്‍ ഷോപ്പ് ബിസിനസ് മെച്ചപ്പെടുത്താനും മകന്റെ ഭാവിയ്ക്ക് വേണ്ടിയും പണത്തില്‍ ഒരു പങ്ക് മാറ്റിവെയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.

നറുക്കെടുപ്പില്‍ മറ്റ് മൂന്ന് പേര്‍ക്കും ആഢംബര വാഹനങ്ങള്‍ സമ്മാനമായി ലഭിച്ചു. ഇന്ത്യക്കാരനായ ദേവരാജ് സുബ്രമണ്യത്തിനാണ് മെര്‍സിഡസ് ബെന്‍സ് എസ് 560 സമ്മാനമായി ലഭിച്ചത്. 57കാരനായ അദ്ദേഹം ദുബായിലാണ് താമസിക്കുന്നത്. 1106 സീരീസിലുള്ള 1749 നമ്പര്‍ ടിക്കറ്റിലൂടെയാണ് അദ്ദേഹത്തിന് സമ്മാനം ലഭിച്ചത്. ഇതൊടൊപ്പം 38കാരിയായ ഫിലിപ്പൈന്‍ യുവതിയും 44കാരനായ സുഡാന്‍ സ്വദേശിയും സമ്മാനാര്‍ഹരായി.